ഖത്തറിന്റെ ആകാശത്ത് വിസ്മയക്കാഴ്ച; ഇന്ന് രാത്രി ലിയോണിഡ് ഉൽക്കാവർഷം ദൃശ്യമാകും

പ്രത്യേക ഉപകരണങ്ങളില്ലാതെ തന്നെ ന​ഗ്നനേത്രങ്ങൾക്കൊണ്ട് ഉൽക്കകൾ കാണാമെന്ന് ഖത്തർ കലണ്ടർ ഹൗസിലെ ജ്യോതിശാസ്ത്രജ്ഞൻ ഡോ. ബഷീർ മർസൂഖ് പറഞ്ഞു

ഖത്തറിൻ്റെ ആകാശത്ത് വിസ്മയക്കാഴ്ചയൊരുക്കി ഇന്ന് അർധരാത്രി മുതൽ ലിയോണിഡ് ഉൽക്കാവർഷം ദൃശ്യമാകും. ഖത്തറിലും വടക്കൻ അർധ​ഗോളത്തിലും ലിയോണിഡ് ഉൽക്കാവർഷം കാണാം. ഖത്തർ കലണ്ടർ ഹൗസ് ആണ് ഇക്കാര്യം അറിയിച്ചത്. നവംബർ 18 ബുധനാഴ്ച പുലർച്ചെ ഉൽക്കാവർഷം അതിന്റെ ഉച്ചസ്ഥായിയിലെത്തും. ചൊവ്വാഴ്ച അർധരാത്രി മുതൽ പുലർച്ചെ വരെ പ്രതിഭാസം കാണാൻ സാധിക്കും.

പ്രത്യേക ഉപകരണങ്ങളില്ലാതെ തന്നെ ന​ഗ്നനേത്രങ്ങൾക്കൊണ്ട് ഉൽക്കകൾ കാണാമെന്ന് ഖത്തർ കലണ്ടർ ഹൗസിലെ ജ്യോതിശാസ്ത്രജ്ഞൻ ഡോ. ബഷീർ മർസൂഖ് പറഞ്ഞു. അർധരാത്രിക്ക് ശേഷം വടക്കുകിഴക്കൻ ചക്രവാളത്തിലേക്ക് നോക്കിയാൽ ഉൽക്കാവർഷം കാണാൻ സാധിക്കും. ഏറ്റവും കൂടുതൽ ദൃശ്യമാകുന്ന സമയത്ത് മണിക്കൂറിൽ ഏകദേശം 15 ഉൽക്കകൾ കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രൻ അർധരാത്രിക്ക് മുൻപ് അസ്തമിക്കുന്നതിനാൽ ഇത്തവണ നിരീക്ഷണത്തിന് അനുകൂലമായ സാഹചര്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ നിലാവ് തടസ്സമാകാത്തതിനാൽ ഉൽക്കകളെ വ്യക്തമായി കാണാനും സാധിക്കും.

എല്ലാ വർഷവും നവംബർ ആറ് മുതൽ 30 വരെയാണ് ലിയോണിഡ് ഉൽക്കാവർഷം സംഭവിക്കുന്നത്. സൂര്യനെ ചുറ്റിയുള്ള സഞ്ചാരപഥത്തിൽ ടെംപൽ-ടട്ടിൽ (Tempel - Tuttle) വാൽനക്ഷത്രം ഉപേക്ഷിച്ച പൊടിപടലങ്ങളിലൂടെയും അവശിഷ്ടങ്ങളിലൂടെയും ഭൂമി കടന്നുപോകുമ്പോഴാണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന കണികൾ കത്തിയെരിയുമ്പോൾ ആകാശത്ത് പ്രകാശരേഖകളായി കാണപ്പെടുന്നു. തെരുവുവിളക്കുകളും മറ്റ് പ്രകാശസ്രോതസ്സുകളും പരിസ്ഥിതി മലിനീകരണവും കുറഞ്ഞ ഇരുണ്ട പ്രദേശങ്ങളാണ് ഇവ നിരീക്ഷിക്കുന്നതിന് ഏറ്റവും അനുയോജ്യമായത്. അർധരാത്രി മുതൽ പുലർച്ചെ വരെയാണ് ഉൽക്കാവർഷം കാണാൻ ഏറ്റവും നല്ല സമയം എന്നും അധികൃതർ വ്യക്തമാക്കി.

Content Highlights: The Leonid meteor shower is expected to be visible over Qatar tonight, offering skywatchers an opportunity to observe the annual celestial event.

To advertise here,contact us