ഖത്തറിൽ ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കി; മൂന്ന് മാസത്തിനിടെ 57 സ്ഥാപനങ്ങൾ അടച്ചു

ഭക്ഷ്യസുരക്ഷാ ചട്ടങ്ങളിൽ ഗുരുതരമായ വീഴ്ച വരുത്തിയ 57 സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചുപൂട്ടാൻ മന്ത്രാലയം ഉത്തരവിട്ടു.

ഖത്തറിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ മുനിസിപ്പാലിറ്റി മന്ത്രാലയം നടപടി കർശനമാക്കി. ഈ വർഷം ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മൂന്നാം പാദത്തിൽ രാജ്യത്തെ എട്ട് മുനിസിപ്പാലിറ്റികളിലായി നടത്തിയ വ്യാപകമായ പരിശോധനകളിൽ 6,088 നിയമലംഘനങ്ങളാണ് അധികൃതർ കണ്ടെത്തിയത്. ആകെ 81,611 ആരോഗ്യ പരിശോധനകളാണ് ഈ കാലയളവിൽ ഉദ്യോഗസ്ഥർ പൂർത്തിയാക്കിയത്.

ഭക്ഷ്യസുരക്ഷാ ചട്ടങ്ങളിൽ ഗുരുതരമായ വീഴ്ച വരുത്തിയ 57 സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചുപൂട്ടാൻ മന്ത്രാലയം ഉത്തരവിട്ടു. കണ്ടെത്തിയ നിയമലംഘനങ്ങളിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് അൽ റയ്യാൻ മുനിസിപ്പാലിറ്റിയിലാണ്. ഇവിടെ 1,916 നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്. തൊട്ടുപിന്നിലുള്ള ദോഹ മുനിസിപ്പാലിറ്റിയിൽ 1,495 നിയമലംഘനങ്ങളും കണ്ടെത്തി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യോത്പ്പാദന, വിതരണ കേന്ദ്രങ്ങളിൽ വരും ദിവസങ്ങളിലും കർശന പരിശോധനകൾ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Content Highlights: Qatar has intensified food safety inspections, resulting in the closure of 57 establishments over the past three months for violations.

To advertise here,contact us