യുഎസ്-ഇറാൻ സംഘർഷത്തിന് അവസാനം ലക്ഷ്യം; ട്രംപുമായുള്ള ചർച്ചയ്ക്ക് പിന്നാലെ ഖത്തർ പ്രധാനമന്ത്രി പാരീസിൽ

ഇറാൻ പ്രതിസന്ധിയിലെ പ്രധാന മധ്യസ്ഥനായ ഖത്തർ പ്രധാനമന്ത്രിയുമായി കഴിഞ്ഞദിവസം പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസിൽ ദീർഘനേരം ചർച്ച നടത്തിയിരുന്നു.

മിഡിൽ ഈസ്റ്റിലെ യുഎസ്-ഇറാൻ പ്രതിസന്ധി പരിഹരിക്കുന്നതിനായുള്ള നയതന്ത്ര നീക്കങ്ങൾക്ക് ആക്കം കൂട്ടി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അദ്ദേഹം പാരീസിലെത്തി ജി-7 വിദേശകാര്യ മന്ത്രിമാരുമായും സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പ്രതിനിധികളുമായും ഉച്ചകോടിക്കിടെ അപ്രതീക്ഷിത കൂടിക്കാഴ്ച നടത്തി. പാരീസിൽ ചേരുന്ന ചർച്ചകളിൽ ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. മേഖലയിലെ സാമ്പത്തിക-സുരക്ഷാ പ്രത്യാഘാതങ്ങളും സമാധാന നിർദ്ദേശങ്ങളുമാണ് പ്രധാന ചർച്ചാവിഷയം.

ഇറാൻ പ്രതിസന്ധിയിലെ പ്രധാന മധ്യസ്ഥനായ ഖത്തർ പ്രധാനമന്ത്രിയുമായി കഴിഞ്ഞദിവസം പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസിൽ ദീർഘനേരം ചർച്ച നടത്തിയിരുന്നു. മേഖലയിലെ സൈനിക നടപടികൾ നിർത്തിവെക്കുന്നതും യുദ്ധം അവസാനത്തോട് അടുക്കുന്നതുമായ സാഹചര്യത്തെക്കുറിച്ചാണ് ചർച്ചയ്ക്ക് ശേഷം ട്രംപ് വ്യക്തമാക്കിയത്. എന്നാൽ ആവശ്യമെങ്കിൽ ഇറാന് നേരെ വീണ്ടും ശക്തമായ തിരിച്ചടി നൽകാൻ മടിക്കില്ലെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

യുഎഇ, സൗദി അറേബ്യ, ഖത്തർ തുടങ്ങിയ ഗൾഫ് സഖ്യരാജ്യങ്ങൾ മേഖലയിൽ കൂടുതൽ സൈനിക സംഘർഷങ്ങൾ ആഗ്രഹിക്കാത്തതിനാൽ ഇനി സമാധാനപരമായ നയതന്ത്ര നീക്കങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്ന് അമേരിക്ക വ്യക്തമാക്കുന്നു. ഇതിന്റെ തുടർച്ചയായി, ഗൾഫ് മേഖലയുടെ സുരക്ഷയും ആഗോള സാമ്പത്തിക സ്ഥിരതയും ഉറപ്പാക്കുന്ന രീതിയിലുള്ള സമാധാന കരാറിനായി ഖത്തർ പ്രധാനമന്ത്രി നടത്തുന്ന പാരീസ് ചർച്ചകളെ ഏറെ പ്രതീക്ഷയോടെയാണ് അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുന്നത്.

Content Highlights: Qatar's Prime Minister meets European and Saudi officials in Paris after talks with Donald Trump, seeking diplomatic coordination to de-escalate the US-Iran conflict

To advertise here,contact us