ഖത്തറിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (SME) വലിയ ആശ്വാസമേകുന്ന പുതിയ വായ്പാ നയവുമായി ഖത്തർ സെൻട്രൽ ബാങ്ക്. പരമ്പരാഗത രീതിയിലുള്ള കർശനമായ ഈടുകൾ ഒഴിവാക്കി, സ്ഥാപനങ്ങളുടെ പോയിന്റ് ഓഫ് സെയിൽ (POS) ഇടപാടുകളും മറ്റ് ഡിജിറ്റൽ പേയ്മെന്റുകൾ വഴിയുള്ള വരുമാനവും അടിസ്ഥാനമാക്കി ബാങ്കുകൾക്ക് ഇനി വായ്പ നൽകാം. വായ്പാ നടപടികൾ ലളിതമാക്കുന്ന ഈ പുതിയ പ്രഖ്യാപനം ഖത്തറിലെ മലയാളി സംരംഭകർ ഉൾപ്പെടെയുള്ള പ്രവാസി ബിസിനസ് സമൂഹത്തിനും ഏറെ ഗുണകരമാകും.
പുതിയ ഉത്തരവ് പ്രകാരം സ്ഥാപനങ്ങളുടെ കഴിഞ്ഞ മൂന്ന് വർഷത്തെ ശരാശരി വാർഷിക വരുമാനത്തിന്റെ 30 ശതമാനം വരെയായിരിക്കും പരമാവധി വായ്പയായി ലഭിക്കുക. ഇതിന്റെ ഉയർന്ന പരിധി 10 ദശലക്ഷം ഖത്തർ റിയാലാണ്. വായ്പാ അപേക്ഷകളിൽ അഞ്ച് പ്രവൃത്തി ദിവസത്തിനകം ബാങ്കുകൾ മറുപടി നൽകണമെന്ന് സെൻട്രൽ ബാങ്ക് നിർബന്ധമാക്കിയിട്ടുണ്ട്. സ്വന്തം ബാങ്കിന്റെ പിഒഎസ് മെഷീനുകൾ മാത്രമല്ല, മറ്റ് അംഗീകൃത ഇലക്ട്രോണിക് പേയ്മെന്റ് മാർഗ്ഗങ്ങളിലൂടെയുള്ള വരുമാനവും വായ്പാ യോഗ്യതയ്ക്കായി പരിഗണിക്കും എന്നത് വലിയ സഹായമാകും.
വായ്പ തിരിച്ചടവിന് ആറ് മാസത്തെ ഇളവുകാലം (Grace period) ഉൾപ്പെടെ ആകെ രണ്ട് വർഷത്തെ കാലാവധിയാണ് അനുവദിച്ചിട്ടുള്ളത്. തിരിച്ചടവ് കൃത്യമായി പൂർത്തിയാക്കുന്നവർക്ക് ആവശ്യാനുസരണം കാലാവധി നീട്ടിനൽകാനും വ്യവസ്ഥയുണ്ട്. വായ്പാ നടപടികൾക്കായി ബാങ്കുകൾക്ക് പരമാവധി രണ്ട് ശതമാനം വരെ മാത്രമേ ഒറ്റത്തവണ പ്രോസസിങ് ഫീസ് ഈടാക്കാൻ സാധിക്കൂ. ഈടുകളുടെ ഭാരമില്ലാതെ ബിസിനസ് വികസിപ്പിക്കാനും മൂലധനം കണ്ടെത്താനും ആഗ്രഹിക്കുന്ന പ്രവാസി സംരംഭകർക്ക് ഖത്തർ സെൻട്രൽ ബാങ്കിന്റെ ഈ തീരുമാനം മികച്ച അവസരമൊരുക്കും.
Content Highlights: Qatar Central Bank introduces easier financing rules for SMEs using verified POS and electronic payment revenues, with financing capped at 30% of average annual revenue.