ഖത്തറിലെ ഭക്ഷ്യ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമവും ശക്തിമത്തുമാക്കുന്നതിന്റെ ഭാഗമായി 'ജനറൽ അതോറിറ്റി ഫോർ ഫുഡ് സേഫ്റ്റി' എന്ന പേരിൽ പുതിയ അതോറിറ്റി രൂപീകരിച്ച് ഖത്തർ സർക്കാർ. നിലവിൽ പൊതുജന ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട ചുമതലകളും പ്രവർത്തനങ്ങളും പുതിയ അതോറിറ്റിയിലേക്ക് കൈമാറുന്നതിനുള്ള നടപടികൾക്ക് ഇതിനകം തുടക്കമായിട്ടുണ്ട്.
ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും പ്രവർത്തനങ്ങൾ ഒരൊറ്റ സ്ഥാപനത്തിന് കീഴിൽ ഏകോപിപ്പിക്കുകയാണ് ഈ പരിഷ്കാരത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ രാജ്യത്തുടനീളമുള്ള പരിശോധനാ സംവിധാനങ്ങളും നിയന്ത്രണ നടപടികളും കൂടുതൽ കർശനമാക്കാനും സേവനങ്ങൾ വേഗത്തിലാക്കാനും സാധിക്കും.
ഭക്ഷ്യ ഉത്പ്പാദനം, സംഭരണം, വിതരണം തുടങ്ങി ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തുന്നതുവരെയുള്ള എല്ലാ ഘട്ടങ്ങളിലും ഉയർന്ന നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് അതോറിറ്റി ഉറപ്പുവരുത്തും. രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതും പ്രാദേശികമായി ഉത്പ്പാദിപ്പിക്കുന്നതുമായ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള പുതിയ നിയന്ത്രണ സംവിധാനങ്ങളും പദ്ധതിയുടെ ഭാഗമായി ശക്തിപ്പെടുത്തും.
രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ആഗോള മാനദണ്ഡങ്ങൾക്ക് അനുസൃതമായ ഭക്ഷ്യ സുരക്ഷാ അന്തരീക്ഷം ഖത്തറിൽ ഒരുക്കാൻ ഈ പുതിയ അതോറിറ്റിയുടെ രൂപീകരണം വഴി സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Content Highlights: Qatar establishes a General Authority for Food Safety to strengthen food inspections, regulatory oversight and consumer protection across the food supply chain.