'​ഗൾഫിലുള്ളത് അപകടകരമായ സാഹചര്യം, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കണം'; ആവശ്യവുമായി ഖത്തർ അമീർ

ഹോർമുസ് കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കണമെന്നും പ്രശ്നങ്ങൾക്ക് നയതന്ത്രപരമായ പരിഹാരം കണ്ടെത്തണമെന്നും ഖത്തർ അമീർ ആഹ്വാനം ചെയ്തു.

ഗൾഫ് മേഖല ചരിത്രത്തിലെ ഏറ്റവും അപകടകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽഥാനി. ന്യൂയോർക്കിൽ നടക്കുന്ന 81-ാമത് യുഎൻ പൊതുസഭയിൽ സംസാരിക്കുകയായിരുന്നു ഖത്തർ അമീർ. ഗൾഫ് മേഖലയിലെ രൂക്ഷമായ സൈനിക പ്രതിസന്ധിയിലാണ് അമീർ ആശങ്ക പ്രകടിപ്പിച്ചത്. ഹോർമുസ് കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കണമെന്നും പ്രശ്നങ്ങൾക്ക് നയതന്ത്രപരമായ പരിഹാരം കണ്ടെത്തണമെന്നും ഖത്തർ അമീർ ആഹ്വാനം ചെയ്തു.

വർഷങ്ങളായി പ്രതിസന്ധികൾക്ക് താൽക്കാലിക പരിഹാരങ്ങൾ മാത്രം തേടുകയും നയതന്ത്ര ശ്രമങ്ങൾ വൈകിപ്പിക്കുകയും ചെയ്തതാണ് നിലവിലെ യുദ്ധ പശ്ചാത്തലത്തിന് കാരണം. മേഖലയിലെ രാജ്യങ്ങളുടെ പരമാധികാരവും അതിർത്തി അഖണ്ഡതയും മാനിക്കുന്ന ഒരു പ്രാദേശിക കൂട്ടായ സുരക്ഷാ സംവിധാനം അനിവാര്യമാണ്. തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കാൻ ഇത്തരം സംവിധാനങ്ങൾ സഹായിക്കുമെന്നും ഖത്തർ അമീർ ഷെയ്ഖ് തമീം വ്യക്തമാക്കി.

നയതന്ത്ര ശ്രമങ്ങൾക്ക് മുൻകൈ എടുക്കുമ്പോഴും രാജ്യത്തിന്റെ പരമാധികാരവും ജനങ്ങളെയും സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന് അമീർ ആവർത്തിച്ചു. പൊതുസഭയ്‌ക്കിടെ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് എന്നിവരുമായും ഖത്തർ അമീർ പ്രത്യേക കൂടിക്കാഴ്ച നടത്തി. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതും സൈനിക നീക്കങ്ങൾ കുറയ്ക്കുന്നതുമായിരുന്നു ചർച്ചകളിലെ പ്രധാന വിഷയം.

യുദ്ധത്തിന്റെ പ്രതികൂല പ്രത്യാഘാതങ്ങൾക്കിടയിലും സാമ്പത്തിക വികസന പദ്ധതികളുമായി ഖത്തർ മുന്നോട്ട് പോകുമെന്നും അമീർ പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ചർച്ചകളിലൂടെ മാത്രമേ മേഖലയിൽ ശാശ്വതമായ സമാധാനവും സ്ഥിരതയും കൈവരിക്കാനാകൂവെന്ന് ഖത്തർ അമീർ കൂട്ടിച്ചേർത്തു.

Content Highlights: The Emir of Qatar has called for the restoration of peace in the Gulf region amid a dangerous situation. He urged efforts to maintain regional stability and address tensions through peaceful means. The remarks come as concerns continue over developments affecting security and stability across the Gulf.

To advertise here,contact us