ഗാസയിലെ പലസ്തീൻ ജനതയ്ക്കായി നൽകിയ മാനുഷിക സഹായങ്ങൾ ഹമാസിലേക്ക് എത്തിയെന്ന ഇസ്രയേൽ അനുകൂല മാധ്യമ റിപ്പോർട്ടുകൾ പൂർണ്ണമായും തള്ളി ഖത്തർ. ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്ന് ഖത്തർ അന്താരാഷ്ട്ര മാധ്യമകാര്യ ഓഫീസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയുടെ ഏജൻസികളുമായും ഇസ്രയേൽ സുരക്ഷാ വിഭാഗവുമായും കൃത്യമായി ഏകോപിപ്പിച്ച് മാത്രമാണ് ഗാസയിലേക്ക് ആവശ്യവസ്തുക്കൾ എത്തിച്ചിട്ടുള്ളതെന്നും ഖത്തർ ആവർത്തിച്ചു.
ഖത്തർ നേരിട്ട് ഒരിക്കലും ഹമാസിന് പണം നൽകിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ദുരിതമനുഭവിക്കുന്ന സാധാരണക്കാരായ പലസ്തീൻ ജനതയ്ക്ക് ആവശ്യമായ ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിവ നൽകാനാണ് ഖത്തറിന്റെ സഹായങ്ങൾ വിനിയോഗിച്ചത്. മാത്രമല്ല, സാമ്പത്തിക സഹായങ്ങളും മറ്റ് അത്യാവശ്യ വസ്തുക്കളും മുൻകാലങ്ങളിൽ നിലനിന്നിരുന്ന സംവിധാനങ്ങൾ പ്രകാരം ഇസ്രായേൽ വഴി തന്നെയാണ് ഗാസയിലേക്ക് കടന്നുപോയിരുന്നത്. ഖത്തർ നേരിട്ടല്ലാതെ യു.എൻ ഏജൻസികൾ മുഖേനയാണ് ഇവ കൃത്യമായി ജനങ്ങളിലേക്ക് വിതരണം ചെയ്തത്.
കഴിഞ്ഞ നിരവധി വർഷങ്ങളായി ഖത്തർ ഗാസയിൽ മാനുഷിക സഹായങ്ങൾ നൽകിവരുന്നുണ്ട്. ഇസ്രായേൽ സർക്കാരുകളുടെയും അവിടുത്തെ സുരക്ഷാ ഏജൻസികളുടെയും പൂർണ്ണ പങ്കാളിത്തത്തോടും പിന്തുണയോടും കൂടെ മാത്രമാണ് ഈ പ്രവർത്തനങ്ങൾ നടന്നിട്ടുള്ളത്. ഇത്തരം ഔദ്യോഗിക സംവിധാനങ്ങൾക്ക് പുറത്തായി ഏതെങ്കിലും രീതിയിൽ ഹമാസിലേക്ക് എത്തിയേക്കാവുന്ന ധനസഹായങ്ങളുമായി ഖത്തറിന് യാതൊരുവിധ ബന്ധവുമില്ലെന്നും മന്ത്രാലയം എടുത്തുപറഞ്ഞു.
ഇസ്രയേലിൽ തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ, അവിടെയുള്ള ആഭ്യന്തര രാഷ്ട്രീയ പരാജയങ്ങളിൽ നിന്നും കാതലായ പ്രശ്നങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാനാണ് ഖത്തറിനെതിരെ ഇത്തരം വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഇങ്ങനെയുള്ള തെറ്റായ പ്രചാരണങ്ങൾക്ക് മുന്നിൽ പിന്മാറില്ലെന്നും ദുരിതമനുഭവിക്കുന്ന പലസ്തീനികൾക്കുള്ള പിന്തുണയും സഹായവും തുടരുമെന്നും ഖത്തർ വ്യക്തമാക്കി. പശ്ചിമേഷ്യയിൽ ശാശ്വത സമാധാനം ഉറപ്പാക്കാനായുള്ള മധ്യസ്ഥ ശ്രമങ്ങളും നയതന്ത്ര നീക്കങ്ങളും ഊർജ്ജിതമായി മുന്നോട്ട് കൊണ്ടുപോകുമെന്നും ഖത്തർ കൂട്ടിച്ചേർത്തു.
Content Highlights: Qatar has rejected reports in Israeli media alleging that its humanitarian aid to Gaza reached Hamas. Qatar says the assistance was directed to Palestinian civilians through mechanisms coordinated with the UN, Israeli authorities and international partners.