ഇറക്കുമതി ചെയ്യുന്ന ചിക്കന്റെയും പച്ചക്കറികളുടെയും തീരുവ കൂടും; ഖത്തറിൽ പ്രാദേശിക ഉത്പ്പന്നങ്ങൾക്ക് മുൻ​ഗണന

പച്ചക്കറികളുടെ വിഭാഗത്തിൽ പ്രധാനമായും തക്കാളി, വഴുതന എന്നിവയ്ക്കാണ് അധിക തീരുവ ചുമത്തിയിരിക്കുന്നത്

ഖത്തറിൽ ഇറക്കുമതി ചെയ്യുന്ന ചിക്കന്റെയും വിവിധ പച്ചക്കറികളുടെയും കസ്റ്റംസ് തീരുവ വർധിപ്പിച്ചു. അഞ്ച് മുതൽ 15 ശതമാനം വരെയാണ് വിവിധ ഉത്പ്പന്നങ്ങൾക്ക് തീരുവയിൽ വരുത്തിയിട്ടുള്ള വർദ്ധനവ്. ഇത് സംബന്ധിച്ച ഔദ്യോഗിക ഗസറ്റിൽ തീരുമാനം പ്രസിദ്ധീകരിച്ച തീയതി മുതൽ 60 ദിവസത്തിന് ശേഷമായിരിക്കും പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക.

പച്ചക്കറികളുടെ വിഭാഗത്തിൽ പ്രധാനമായും തക്കാളി, വഴുതന എന്നിവയ്ക്കാണ് അധിക തീരുവ ചുമത്തിയിരിക്കുന്നത്. എന്നാൽ ഈ ഉത്പ്പന്നങ്ങളുടെ പ്രാദേശിക ഉത്പ്പാദനം കൂടുതലുള്ള സീസണുകളിൽ മാത്രമായിരിക്കും പുതിയ തീരുവ ബാധകമാകുക. പ്രാദേശിക കർഷകരെ പിന്തുണയ്ക്കാനും തദ്ദേശീയമായി ഉത്പ്പാദിപ്പിക്കുന്ന ഉത്പ്പന്നങ്ങൾക്ക് വിപണിയിൽ കൂടുതൽ ഇടം ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് അധികൃതരുടെ ഈ നീക്കം.

അതേസമയം, കസ്റ്റംസ് തീരുവ വർധിപ്പിച്ചു എന്നതുകൊണ്ട് മാത്രം ഉത്പ്പന്നങ്ങളുടെ വിപണിവില ഉടനടി ഉയരില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്ന ശേഷമുള്ള മൊത്തം ഇറക്കുമതി ചെലവുകളും ചില്ലറ വിപണിയിലെ നിരക്കുകളും വിശദമായി പരിശോധിച്ചാൽ മാത്രമേ പുതിയ തീരുമാനത്തിന്റെ യഥാർത്ഥ പ്രതിഫലനം വ്യക്തമാകൂ.

Content Highlights: Qatar has increased customs tariffs on selected chicken and vegetables, with the measures aimed at supporting local agricultural production.

To advertise here,contact us