ഗാസ മുനമ്പിലെ രൂക്ഷമായ മാനുഷിക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി 13 ലക്ഷം ലിറ്റർ ഇന്ധനം ഗാസയിലേക്ക് എത്തിക്കാൻ ഖത്തർ ഐക്യരാഷ്ട്രസഭയുമായി കരാറൊപ്പിട്ടു. ഖത്തറിന്റെ സൗജന്യ ധനസഹായത്തിന്റെ ഭാഗമായാണ് ഈ ഇന്ധനം ലഭ്യമാക്കുന്നത്. ഗാസയിലെ ജനങ്ങൾക്ക് ആവശ്യമായ അടിയന്തര മാനുഷിക സഹായങ്ങളും അവശ്യസേവനങ്ങളും ഉറപ്പാക്കുന്നതിൽ ഖത്തർ തുടരുന്ന സഹകരണത്തിന്റെ ഭാഗമായാണ് പുതിയ നടപടി. 2023 ഒക്ടോബർ ഏഴ് മുതൽ 2026 മാർച്ച് അവസാനം വരെയുള്ള കാലയളവിൽ ഏകദേശം മൂന്ന് കോടി ലിറ്റർ ഇന്ധനമാണ് ഖത്തർ ഗാസയിലേക്ക് നൽകിയിട്ടുള്ളത്.
പലസ്തീൻ ജനതയ്ക്ക് നൽകുന്ന നിരന്തരമായ മാനുഷിക പിന്തുണയുടെയും ഗാസയിലെ ദുരിതങ്ങൾ ലഘൂകരിക്കാനുള്ള ശ്രമങ്ങളുടെയും ഭാഗമായാണ് ഈ സഹായമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നിലവിലെ ദുഷ്കരമായ സാഹചര്യങ്ങളിൽ അവിടുത്തെ അവശ്യസേവനങ്ങളുടെയും മാനുഷിക പ്രവർത്തനങ്ങളുടെയും പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനും ദുരിതാശ്വാസ സംഘടനകൾക്ക് വേഗത്തിൽ സഹായങ്ങൾ എത്തിക്കാനും ഈ ഇന്ധന ഗ്രാന്റ് സഹായിക്കും.
പ്രധാനമായും ഗാസയിലെ തകർന്നുപോയ ആരോഗ്യ മേഖലയ്ക്ക് വലിയൊരു ആശ്വാസമായിരിക്കും ഈ ഇന്ധന സഹായം. നവജാതശിശുക്കളും സ്ത്രീകളും വയോധികരും ഭിന്നശേഷിക്കാരുമടക്കം ഏകദേശം 21 ലക്ഷത്തോളം പലസ്തീനികൾ ആശ്രയിക്കുന്ന ഗാസയിലെ ആശുപത്രികളുടെയും മറ്റ് ആരോഗ്യ കേന്ദ്രങ്ങളുടെയും തടസ്സമില്ലാത്ത പ്രവർത്തനത്തിന് ഇത് അത്യാവശ്യമാണ്. ആരോഗ്യ മേഖലയ്ക്ക് പുറമേ ഇന്ധനത്തെ ആശ്രയിച്ച് പ്രവർത്തിക്കുന്ന മറ്റ് അവശ്യ പൊതുസേവന മേഖലകൾക്കും ഇത് വലിയ പിന്തുണ നൽകും.
Content Highlights: Qatar has signed an agreement with the United Nations to facilitate the delivery of humanitarian aid to Gaza. The agreement is aimed at supporting aid efforts for people affected by the ongoing situation in the region.