ഖത്തർ എയർവേയ്സ് വിമാനത്തിൽ യാത്രക്കാർ തമ്മിൽ സംഘർഷം. രണ്ട് യാത്രക്കാരെ ഖത്തർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഖത്തർ എയർവേയ്സിന്റെ മെൽബണിൽ നിന്ന് ദോഹയിലേക്കുള്ള വിമാനത്തിൽ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് രണ്ട് യാത്രക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഘർഷമുണ്ടാക്കിയവർ മറ്റ് യാത്രക്കാരെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തിയതായും തോക്ക് കെെവശം വച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടതായും ദൃക്സാക്ഷികൾ പറഞ്ഞു.
വെള്ളിയാഴ്ച സർവീസ് നടത്തിയ VA7 വിമാനത്തിലാണ് സംഭവം. യാത്രയ്ക്കിടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും പിന്നീട് സംഘർഷത്തിലേക്ക് നീങ്ങുകയുമായിരുന്നു. തുടർന്ന് സ്ഥിതി വഷളായതോടെ ജീവനക്കാരും മറ്റ് യാത്രക്കാരും ചേർന്ന് ഇരുവരെയും ശാന്തരാക്കുകയായിരുന്നു. വിമാനം ദോഹയിൽ സുരക്ഷിതമായി ഇറങ്ങിയ ശേഷം ഇരുവരെയും ഖത്തർ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അതേസമയം യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയും ക്ഷേമവുമാണ് തങ്ങളുടെ ഏറ്റവും വലിയ മുൻഗണനയെന്ന് ഖത്തർ എയർവേയ്സ് പറഞ്ഞു. വിമാനത്തിലുണ്ടായ ഈ സംഭവം വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാരിൽ ആശങ്ക സൃഷ്ടിച്ചെങ്കിലും ജീവനക്കാരുടെ സമയോചിതമായ ഇടപെടലിനെ നിരവധി യാത്രക്കാർ പ്രശംസിക്കുകയും ചെയ്തു.
Content Highlight: Two passengers were taken into police custody in Doha after an onboard incident on a Qatar Airways flight from Melbourne