ഖത്തറിൽ നിന്നും ഇന്ത്യയിലേക്കുള്ള ദ്രവീകൃത പ്രകൃതി വാതക വിതരണത്തിൽ ഇന്ത്യയ്ക്ക് അനിശ്ചിതത്വം തുടരുന്നു. സെപ്റ്റംബർ മാസത്തിൽ ആവശ്യമായ എൽഎൻജി കാർഗോകൾ ലഭ്യമാകുന്ന കാര്യത്തിൽ ഖത്തർ ഇതുവരെ അന്തിമ ഉറപ്പ് നൽകിയിട്ടില്ലെന്ന് പെട്രോനെറ്റ് എൽഎൻജി വ്യക്തമാക്കി. മധ്യപൂർവേഷ്യൻ മേഖലയിലെ സംഘർഷങ്ങളും ഉൽപ്പാദന തടസ്സങ്ങളുമാണ് ഇന്ത്യയുടെ ഊർജ മേഖലയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ എൽഎൻജി ഇറക്കുമതിക്കാരായ പെറ്റ്രോനെറ്റ് എൽഎൻജി-യാണ് വിതരണത്തിലെ അനിശ്ചിതത്വം വെളിപ്പെടുത്തിയത്. സെപ്റ്റംബർ മാസത്തിലെ വിതരണത്തിനുള്ള കൃത്യമായ പ്ലാൻ ഖത്തർ എനർജി ഇതുവരെ നൽകിയിട്ടില്ലെന്ന് പെട്രോനെറ്റ് ചീഫ് എക്സിക്യൂട്ടീവ് എ.കെ. സിങ് അറിയിച്ചു. ഖത്തറിലെ എൽഎൻജി ഉത്പ്പാദന യൂണിറ്റുകൾക്ക് നേരെയുണ്ടായ ആക്രമണം മൂലം ഗ്യാസ് വിതരണം തടസ്സപ്പെട്ടപ്പോൾ, കരാർ ലംഘനത്തിനുള്ള നഷ്ടപരിഹാരം നൽകാതിരിക്കാൻ ഖത്തർ എനർജി 'ഫോഴ്സ് മജ്യൂർ' പ്രഖ്യാപിച്ചിരുന്നു. പ്രതിമാസ അടിസ്ഥാനത്തിൽ 'ഫോഴ്സ് മജ്യൂർ' സാഹചര്യം തുടരുന്നതാണ് വിതരണത്തെ ബാധിക്കുന്നത്.
മാർച്ചിൽ ഖത്തറിലെ 14 എൽഎൻജി ഉത്പ്പാദന ട്രെയിനുകളിൽ രണ്ടെണ്ണത്തിന് നേരെയുണ്ടായ ആക്രമണമാണ് ഫോഴ്സ് മജ്യൂർ പ്രഖ്യാപിക്കാൻ ഖത്തറിനെ പ്രേരിപ്പിച്ചത്. കൂടാതെ, മേഖലയിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ കാരണം ഹോർമുസ് കടലിടുക്ക് വഴിയുള്ള ഊർജ ചരക്കുനീക്കവും സുരക്ഷിതമല്ലാതായി തീർന്നു. വിതരണ തടസ്സം മൂലം ഇതുവരെ ഇന്ത്യയ്ക്ക് ലഭിക്കേണ്ട 56 എൽഎൻജി കാർഗോകളെയാണ് ബാധിച്ചത്. വൈകുന്ന വിതരണങ്ങൾ 2028 ഏപ്രിലോടെ ലഭ്യമാക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
പെട്രോനെറ്റിന് ഖത്തറുമായി പ്രതിവർഷം 7.5 ദശലക്ഷം ടൺ എൽഎൻജി-ക്കുള്ള ദീർഘകാല കരാറുണ്ട്. നിലവിലെ ക്ഷാമം പരിഹരിക്കുന്നതിനായി ഒമാൻ, അമേരിക്ക, നൈജീരിയ, അംഗോള എന്നീ രാജ്യങ്ങളിൽ നിന്ന് കൂടുതൽ എൽഎൻജി എത്തിക്കാനുള്ള ബദൽ മാർഗ്ഗങ്ങൾ തേടുകയാണ് ഇന്ത്യ.
Content Highlights: Tensions in the Strait of Hormuz have raised uncertainty over Qatar's gas supplies, creating concerns for India's energy security. Potential disruptions to LNG shipments could affect India's gas availability and energy market.