രാജ്യത്തെ ശുചീകരണ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി വൻ പദ്ധതിയുമായി ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം. ജനറൽ ക്ലീൻലിനസ് ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ ജോലി ചെയ്യുന്ന 3,200-ലേറെ വരുന്ന തൊഴിലാളികൾക്കായി വകുപ്പിന്റെ ആസ്ഥാനത്ത് തന്നെ പ്രത്യേക മെഡിക്കൽ ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു. ജോലിസ്ഥലത്തുതന്നെ ജീവനക്കാർക്ക് വേഗത്തിൽ പ്രാഥമിക ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
രാജ്യത്തുടനീളം മാലിന്യശേഖരണവും പൊതുശുചിത്വ പ്രവർത്തനങ്ങളും നടത്തുന്ന തൊഴിലാളികൾക്ക് മികച്ചതും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. ഖത്തറിലെ നിലവിലുള്ള ഉയർന്ന ആരോഗ്യ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് പുതിയ ക്ലിനിക്ക് സജ്ജീകരിച്ചിരിക്കുന്നതെന്ന് ജനറൽ ക്ലീൻലിനസ് ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് ഡയറക്ടർ മുഹമ്മദ് ഫറജ് അൽ കുബൈസി വ്യക്തമാക്കി. വ്യത്യസ്ത ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്ന മുഴുവൻ തൊഴിലാളികൾക്കും ചികിത്സ ലഭ്യമാക്കാൻ ദിവസവും രണ്ട് ഷിഫ്റ്റുകളിലായാണ് ക്ലിനിക്ക് പ്രവർത്തിക്കുക.
ഏതൊരു ആധുനിക മെഡിക്കൽ കേന്ദ്രത്തോടും കിടപിടിക്കുന്ന മികച്ച സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സ്വീകരണ കൗണ്ടർ, വിശാലമായ വെയിറ്റിങ് മുറി, ജനറൽ ഡോക്ടർ, ഫാർമസി, പ്രത്യേക നഴ്സിംഗ് വിഭാഗം എന്നിവ ഇതിൽ ഉൾപ്പെടുന്നു. രക്തസമ്മർദ്ദം, ശരീരതാപനില തുടങ്ങിയ പതിവ് ആരോഗ്യ പരിശോധനകൾക്കൊപ്പം സാധാരണ രോഗങ്ങൾ, പ്രമേഹം ഉൾപ്പെടെയുള്ള ദീർഘകാല അസുഖങ്ങൾ, കടുത്ത ചൂട് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ എന്നിവയ്ക്ക് ഇവിടെനിന്ന് വിദഗ്ധ ചികിത്സ ലഭിക്കും.
അടിയന്തര സാഹചര്യങ്ങളിൽ കൂടുതൽ വിദഗ്ധ പരിചരണം ആവശ്യമായി വന്നാൽ ഹമദ് ആശുപത്രിയുമായും പൊതുജനാരോഗ്യ മന്ത്രാലയവുമായും നേരിട്ട് ഏകോപനം നടത്തി വേഗത്തിൽ മികച്ച സേവനം ലഭ്യമാക്കാനുള്ള സജ്ജീകരണങ്ങളും മന്ത്രാലയം പൂർത്തിയാക്കിയിട്ടുണ്ട്. തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിൽ വലിയൊരു മുന്നേറ്റമായാണ് ഈ പുതിയ തീരുമാനം വിലയിരുത്തപ്പെടുന്നത്.
Content Highlights: Qatar has introduced a dedicated medical clinic for cleaning workers, ensuring they receive timely and quality healthcare without leaving their workplace. The initiative aims to improve workers' health, safety, and access to medical services.