ഖത്തർ റാസ് ലഫാൻ സ്ഫോടനം, 13 മരണമെന്ന് സ്ഥിരീകരണം; 66 പേർക്ക് പരിക്കേറ്റു

കഴിഞ്ഞ മാർച്ചിൽ നടന്ന ഇറാൻ മിസൈൽ ആക്രമണത്തിൽ ഖത്തറിന്റെ പ്രധാന ഗ്യാസ് പ്രോസസ്സിംഗ് യൂണിറ്റുകൾക്ക് കനത്ത തകരാർ സംഭവിച്ചിരുന്നു

ഖത്തറിലെ റാസ് ലഫാൻ പ്രകൃതി വാതക പ്ലാന്റിലുണ്ടായ വൻ സ്ഫോടനത്തിൽ ഇന്ത്യക്കാരടക്കം 13 പേർ കൊല്ലപ്പെട്ടു. പരിക്കേറ്റ 66 പേരിൽ ഇന്ത്യക്കാർ ഉൾപ്പെടെ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുണ്ട്. മരിച്ചവർ ഇന്ത്യ, പാകിസ്താൻ സ്വദേശികളാണെന്ന് ഖത്തർ ഊർജ്ജ മന്ത്രി സാദ് അൽ കാബി സ്ഥിരീകരിച്ചു. കഴിഞ്ഞ മാർച്ചിലുണ്ടായ ഇറാൻ ആക്രമണത്തെത്തുടർന്ന് അടച്ചിട്ട പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിനിടെയാണ് ദുരന്തം.

ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതി വാതക ഹബ്ബുകളിലൊന്നായ റാസ് ലഫാനിലെ ബർസാൻ പ്രാദേശിക ഗ്യാസ് വിതരണ കേന്ദ്രത്തിലാണ് ഞായറാഴ്ച രാത്രിയോടെയാണ് സ്ഫോടനമുണ്ടായത്. അപകടത്തിൽ മരിച്ച 13 പേരിൽ ഇന്ത്യ, പാകിസ്താൻ സ്വദേശികളും ഉൾപ്പെടും. സ്ഫോടനത്തിൽ പരിക്കേറ്റ 66 പേരിൽ ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ, ടാൻസാനിയ, കെനിയ, നൈജീരിയ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുണ്ട്. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് ഖത്തർ എനർജി വ്യക്തമാക്കുന്നത്.

കഴിഞ്ഞ മാർച്ചിൽ നടന്ന ഇറാൻ മിസൈൽ ആക്രമണത്തിൽ ഖത്തറിന്റെ പ്രധാന ഗ്യാസ് പ്രോസസ്സിംഗ് യൂണിറ്റുകൾക്ക് കനത്ത തകരാർ സംഭവിച്ചിരുന്നു. ഇതേത്തുടർന്ന് നിർത്തിവെച്ചിരുന്ന പ്ലാന്റുകൾ, യുദ്ധത്തിന് ശേഷമുള്ള സാഹചര്യത്തിൽ വീണ്ടും പ്രവർത്തനസജ്ജമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് പുതിയ അപകടം. പ്രകൃതി വാതകത്തെ മൈനസ് 162 ഡിഗ്രി സെൽഷ്യസിലേക്ക് തണുപ്പിച്ച് ദ്രാവക രൂപത്തിലാക്കുന്ന അതീവ സങ്കീർണ്ണമായ 'കൂൾഡൗൺ' ഘട്ടത്തിലുണ്ടായ സാങ്കേതിക തകരാറാണ് സ്ഫോടനത്തിന് കാരണമായത്.

അടിയന്തര രക്ഷാസേന സ്ഥലത്തെത്തി തീയണയ്ക്കുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. വൻ സ്ഫോടനമാണ് ഉണ്ടായതെങ്കിലും ഖത്തറിന്റെ LNG കയറ്റുമതിയെയും റാസ് ലഫാൻ തുറമുഖത്തിന്റെ പ്രവർത്തനങ്ങളെയും ഇത് ബാധിച്ചിട്ടില്ല. അന്താരാഷ്ട്ര വിപണിയിലേക്കുള്ള വാതക വിതരണം തടസ്സമില്ലാതെ സാധാരണ നിലയിൽ തുടരുമെന്നും പരിസ്ഥിതി മലിനീകരണ സാധ്യതയില്ലെന്നും മന്ത്രാലയം അറിയിച്ചു. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ഖത്തർ എനർജി ഉന്നതതല സാങ്കേതിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: The death toll from the explosion in Ras Laffan, Qatar, has risen to 13, with 66 people reported injured. Authorities are continuing rescue, recovery, and investigation efforts to determine the cause of the incident.

To advertise here,contact us