ഖത്തർ റാസ് ലഫാൻ സ്ഫോടനം; മരിച്ചവരിൽ 12 പേർ ഇന്ത്യക്കാർ

അപകടത്തിൽ മരിച്ച ഇന്ത്യൻ പൗരൻമാരുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ ഖത്തർ അധികൃതരുമായി ചേർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണെന്ന് എംബസി അറിയിച്ചു

ഖത്തറിലെ റാസ് ലഫാൻ പ്രകൃതി വാതക പ്ലാന്റിലുണ്ടായ വൻ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ 12 പേർ ഇന്ത്യക്കാരെന്ന് സ്ഥിരീകരണം. ദോഹയിലെ ഇന്ത്യൻ എംബസിയാണ് ഈ വിവരം പുറത്തുവിട്ടത്. പരിക്കേറ്റ മറ്റ് ഇന്ത്യക്കാരുടെ നില നിലവിൽ തൃപ്തികരമാണ്. ആകെ 13 പേരാണ് അപകടത്തിൽ മരിച്ചത്.

കഴിഞ്ഞ മാർച്ചിലുണ്ടായ ഇറാൻ ആക്രമണത്തെത്തുടർന്ന് അടച്ചിട്ട പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിനിടെയാണ് ദുരന്തം. ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതി വാതക ഹബ്ബുകളിലൊന്നായ റാസ് ലഫാനിലെ ബർസാൻ പ്രാദേശിക ഗ്യാസ് വിതരണ കേന്ദ്രത്തിൽ ഞായറാഴ്ച രാത്രിയോടെയാണ് സ്ഫോടനമുണ്ടായത്. അപകടത്തിൽ മരിച്ചവരിൽ 12 ഇന്ത്യക്കാർക്ക് പുറമെ പാകിസ്താൻ സ്വദേശികളും ഉൾപ്പെടും. സ്ഫോടനത്തിൽ പരിക്കേറ്റ 66 പേരിൽ ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ, ടാൻസാനിയ, കെനിയ, നൈജീരിയ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുണ്ട്. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് ഖത്തർ എനർജി വ്യക്തമാക്കുന്നത്.

അപകടത്തിൽ മരിച്ച ഇന്ത്യൻ പൗരൻമാരുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ ഖത്തർ അധികൃതരുമായി ചേർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണെന്ന് എംബസി അറിയിച്ചു. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച ഇന്ത്യൻ എംബസി, ബാധിക്കപ്പെട്ട എല്ലാ ഇന്ത്യൻ കുടുംബങ്ങൾക്കും ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും വ്യക്തമാക്കി.

കഴിഞ്ഞ മാർച്ചിൽ നടന്ന ഇറാൻ മിസൈൽ ആക്രമണത്തിൽ ഖത്തറിന്റെ പ്രധാന ഗ്യാസ് പ്രോസസ്സിംഗ് യൂണിറ്റുകൾക്ക് കനത്ത തകരാർ സംഭവിച്ചിരുന്നു. ഇതേത്തുടർന്ന് നിർത്തിവെച്ചിരുന്ന പ്ലാന്റുകൾ, യുദ്ധത്തിന് ശേഷമുള്ള സാഹചര്യത്തിൽ വീണ്ടും പ്രവർത്തനസജ്ജമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് പുതിയ അപകടം. പ്രകൃതി വാതകത്തെ മൈനസ് 162 ഡിഗ്രി സെൽഷ്യസിലേക്ക് തണുപ്പിച്ച് ദ്രാവക രൂപത്തിലാക്കുന്ന അതീവ സങ്കീർണ്ണമായ 'കൂൾഡൗൺ' ഘട്ടത്തിലുണ്ടായ സാങ്കേതിക തകരാറാണ് സ്ഫോടനത്തിന് കാരണമായത്.

അടിയന്തര രക്ഷാസേന സ്ഥലത്തെത്തി തീയണയ്ക്കുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. വൻ സ്ഫോടനമാണ് ഉണ്ടായതെങ്കിലും ഖത്തറിന്റെ LNG കയറ്റുമതിയെയും റാസ് ലഫാൻ തുറമുഖത്തിന്റെ പ്രവർത്തനങ്ങളെയും ഇത് ബാധിച്ചിട്ടില്ല. അന്താരാഷ്ട്ര വിപണിയിലേക്കുള്ള വാതക വിതരണം തടസ്സമില്ലാതെ സാധാരണ നിലയിൽ തുടരുമെന്നും മന്ത്രാലയം അറിയിച്ചു. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ഖത്തർ എനർജി ഉന്നതതല സാങ്കേതിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: The deadly explosion in Qatar's Ras Laffan industrial area claimed multiple lives, with officials confirming that 12 of the victims were Indian nationals. Investigations and relief efforts are ongoing as authorities work to determine the cause of the blast

To advertise here,contact us