ഊർജ്ജ ഉത്പ്പാദനത്തിൽ ഇറാനുമായി ഒത്തുകളിച്ചെന്ന യുഎസ് മാധ്യമത്തിന്റെ ആരോപണങ്ങൾ തള്ളി ഖത്തർ. റാസ് ലഫാൻ എൽഎൻജി പ്ലാന്റിലെ നാശനഷ്ടങ്ങൾ ഖത്തർ പെരുപ്പിച്ചു കാണിച്ചതാണെന്ന അമേരിക്കൻ പത്രത്തിന്റെ റിപ്പോർട്ട് പൂർണ്ണമായും വ്യാജമാണെന്ന് ഖത്തർ വാർത്താ ഏജൻസി വ്യക്തമാക്കി. മേഖലയിലെ സമാധാന ശ്രമങ്ങളെ അട്ടിമറിക്കാനും ഖത്തറിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കാനും ലക്ഷ്യമിട്ടാണ് ഇത്തരം അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമ ഓഫീസ് അറിയിച്ചു.
പ്ലാന്റിലെ ഉത്പ്പാദനം നിർത്തിവെക്കാൻ ഖത്തർ മനപൂർവ്വം കാരണങ്ങൾ കെട്ടിച്ചമച്ചതാണെന്ന സൂചനകൾ തികച്ചും അടിസ്ഥാനരഹിതമാണ്. സൈനിക നടപടികൾ പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ജീവനക്കാരുടെ സുരക്ഷ മുൻനിർത്തി മാത്രമാണ് എൽഎൻജി കരാറുകളിൽ നിയമപരമായി 'ഫോഴ്സ് മജ്യൂർ' പ്രഖ്യാപിച്ചതെന്ന് ഖത്തരി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഖത്തർ എനർജി എക്കാലത്തും സുതാര്യതയും വസ്തുതാപരമായ റിപ്പോർട്ടിംഗും പുലർത്തുന്ന ആഗോള സ്ഥാപനമാണെന്നും പ്രസ്താവനയിൽ പറയുന്നു.
ഖത്തറിന്റെ സ്വന്തം ഭൂപ്രദേശത്തിന് നേരെ ഇറാനിയൻ മിസൈൽ ആക്രമണങ്ങൾ ഉണ്ടായ സമയത്ത്, രാജ്യം അതിനോട് പ്രതികരിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഊർജ്ജ ഉൽപ്പാദനത്തിൽ ഇറാനുമായി ചേർന്ന് തീരുമാനങ്ങളെടുത്തു എന്ന വാദം യുക്തിക്ക് നിരക്കാത്തതാണ്. അമേരിക്കയുമായുള്ള ഖത്തറിന്റെ തന്ത്രപരമായ പങ്കാളിത്തത്തെ തകർക്കാൻ ശ്രമിക്കുന്ന ചില വിശ്വസനീയമല്ലാത്ത കക്ഷികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
ആഗോളതലത്തിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ഉയർന്ന പത്രപ്രവർത്തന മാനദണ്ഡങ്ങൾ പാലിക്കാൻ അന്താരാഷ്ട്ര മാധ്യമങ്ങൾ തയ്യാറാകണമെന്ന് ഖത്തർ ആവശ്യപ്പെട്ടു. വായനക്കാർ പ്രതീക്ഷിക്കുന്ന കൃത്യത പാലിക്കാതെ, മേഖലയിൽ സമാധാനം തകർക്കാൻ ശ്രമിക്കുന്ന കക്ഷികളുടെ വ്യാജ പ്രചാരണങ്ങൾക്ക് വേദി നൽകിയതിൽ അന്താരാഷ്ട്ര മാധ്യമ ഓഫീസ് കടുത്ത ഖേദം രേഖപ്പെടുത്തി.
Content Highlights: Qatar has dismissed reports published by a US media organization alleging cooperation with Iran in energy production. Authorities stated that the allegations lack factual basis and reaffirmed that the country's energy policies and partnerships comply with international regulations and standards.