ഇസ്രയേലിന്റെ രാഷ്ട്രീയ തന്ത്രങ്ങൾക്കോ മാധ്യമ പ്രചാരണങ്ങൾക്കോ മുന്നിൽ പലസ്തീൻ ജനതയോടുള്ള തങ്ങളുടെ ഉറച്ച പ്രതിബദ്ധതയ്ക്ക് മാറ്റമുണ്ടാകില്ലെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയം. ഖത്തർ പ്രധാനമന്ത്രിയുടെ ഉപദേശകനും ഔദ്യോഗിക വക്താവുമായ ഡോ. മജിദ് ബിൻ മുഹമ്മദ് അൽ-അൻസാരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇസ്രയേൽ സർക്കാരിന്റെ നിലപാടുകൾ ഗാസയിലെ ജനങ്ങൾക്കുള്ള ദോഹയുടെ പിന്തുണയെ തടസപ്പെടുത്തില്ല. ഗാസ എക്സിക്യൂട്ടീവ് കൗൺസിലിലെ ഖത്തറിന്റെ പ്രാതിനിധ്യം ഇസ്രയേൽ നിരസിച്ചുവെന്ന അവകാശവാദങ്ങൾക്കിടയിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.
'ഗാസയിലേക്ക് നൽകുന്ന സഹായങ്ങളിൽ മേഖലയിൽ സമാധാനം പുലർത്താനുള്ള മധ്യസ്ഥ ശ്രമങ്ങൾക്കും ഖത്തറിന് വലിയ പങ്കാണുള്ളത്.' ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന രാഷ്ട്രീയമോ മാധ്യമപരമോ ആയ സമ്മർദ്ദങ്ങൾ ഖത്തറിന്റെ തുടർ ദൗത്യങ്ങൾക്ക് തടസമാകില്ലെന്നും ഡോ. മജിദ് ബിൻ മുഹമ്മദ് അൽ-അൻസാരി പ്രതികരിച്ചു.
അമേരിക്കയുമായി ഖത്തർ നേരിട്ടുള്ള ആശയവിനിമയം നടത്തുന്നുണ്ടെന്നും ഗസ്സയിലെ ഖത്തറിന്റെ ശ്രമങ്ങൾ അന്താരാഷ്ട്രതലത്തിൽ സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഡോ. മജിദ് ബിൻ മുഹമ്മദ് അൽ-അൻസാരി കൂട്ടിച്ചേർത്തു. ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റം സംബന്ധിച്ച ചർച്ചകൾ മുതൽ സഹായമെത്തിക്കുന്നതും അമേരിക്ക മുന്നോട്ടുവെച്ച 20 ഇന പദ്ധതിയെ പിന്തുണയ്ക്കുന്നതും വരെയുള്ള മാനുഷികവും രാഷ്ട്രീയവും മധ്യസ്ഥതയുടേതുമായ വിവിധ തലങ്ങളിൽ ഖത്തറിന്റെ സേവനം വ്യാപിച്ചുകിടക്കുന്നുണ്ടെന്ന് അൽ-അൻസാരി വ്യക്തമാക്കി.
Content Highlights: Qatar has stated that its commitment to the Palestinian people will remain unchanged despite any pressure from Israel. Reaffirming its long-standing position, Qatar emphasized continued political and humanitarian support for Palestinians, underscoring that external pressure will not alter its stance on the Palestine issue.