ഖത്തറില് ലേലത്തിലൂടെ വാഹനങ്ങളും കെട്ടിടങ്ങളും സ്വന്തമാക്കാന് അവസരം. ഖത്തര് സുപ്രീം ജുഡീഷ്യറി കൗണ്സിലിന്റെ നേതൃത്വത്തിലുള്ള ഓണ്ലൈന് ലേലം നാളെ നടക്കും. പൊതുജനങ്ങള്ക്ക് മിതമായ നിരക്കില് ആസ്തികള് സ്വന്തമാക്കാനുള്ള അവസരമാണ് ലേലത്തിലൂടെ ലഭ്യമാക്കുന്നതെന്ന് സുപ്രീം ജുഡീഷ്യറി കൗണ്സില് വ്യക്തമാക്കി.
നാളെ രാവിലെയും വൈകിട്ടുമായിട്ടാണ് ഖത്തര് സുപ്രീം ജുഡീഷ്യറി കൗണ്സിലിന്റെ നേതൃത്വത്തിലുള്ള ഓണ്ലൈന് ലേലം. വാഹനങ്ങള്ക്കും റിയല് എസ്റ്റേറ്റ് വസ്തുക്കള്ക്കുമായി വ്യത്യസ്ഥ ലേലങ്ങള് സംഘടിപ്പിക്കും. കൗണ്സിലിന്റെ ഔദ്യോഗിക ഡിജിറ്റല് പ്ലാറ്റ്ഫോമായ 'കോര്ട്ട് മസാദാത്ത്' ആപ്ലിക്കേഷന് വഴിയാകും ലേലം നടക്കുക.
നാളെ രാവിലെ 9.30 മുതല് 11 മണി വരെയാണ് റിയല് എസ്റ്റേറ്റ് ലേലം. ഖത്തറിലെ വിവിധ ഷോപ്പിംഗ് മാളുകള്, റെസിഡന്ഷ്യല് കോംപ്ലക്സുകള്, ഹോട്ടല് കെട്ടിടങ്ങള്, നിക്ഷേപ ആവശ്യങ്ങള്ക്കുള്ള പ്രോപ്പര്ട്ടികള് എന്നിവ ലേലത്തിലൂടെ സ്വന്തമാക്കാന് കഴിയും. ഓരോ വസ്തുവിന്റെയും വിശദമായി വിവരങ്ങളും അടിസ്ഥാന വിലയും ആപ്ലിക്കേഷനില് ലഭ്യമാണ്. വൈകുന്നരം നാല് മുതല് ഏഴ് മണി വരെയാണ് വാഹനം ലേലം നിശ്ചയിച്ചിരിക്കുന്നത്. വിവിധ മോഡലുകളിലുള്ള വാഹനങ്ങള് ലേലത്തില് ഉള്പ്പെടുത്തിയിട്ടുണ്ട്.
ലേലത്തില് പങ്കെടുക്കാന് ആഗ്രഹിക്കുന്നവര് 'കോര്ട്ട് മസാദാത്ത്' എന്ന മൊബൈല് ആപ്ലിക്കേഷനിലൂടെ സാധുവായ ഖത്തര് ഐഡി കാര്ഡ് നല്കി രജിസ്റ്റര് ചെയ്യണം. ലേല നടപടികള്, നിബന്ധനകള് എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ആപ്പില് ലഭ്യമാക്കിയിട്ടുണ്ട്. ഖത്തര് സുപ്രീം ജുഡീഷ്യറി കൗണ്സിലിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്ശിച്ചും ലേലവുമായി ബന്ധപ്പെട്ട വിവരങ്ങള് മനസിലാക്കാനാകും.
Content Highlights: Qatar will conduct an online auction tomorrow, allowing participants to bid for vehicles and buildings. The auction provides a legal platform for the public to acquire properties and vehicles through a transparent bidding process. Interested bidders can take part online by following the official guidelines issued by the authorities.