ഫിഫ അറബ് കപ്പിന് വന്‍ ജന പങ്കാളിത്തം; ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ദശലക്ഷം കാണികൾ

ഫിഫ അറബ് കപ്പിലെ കാണികളുടെ എണ്ണത്തില്‍ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഖത്തര്‍

ഖത്തര്‍ വേദിയാകുന്ന ഫിഫ അറബ് കപ്പിന് വന്‍ ജന പങ്കാളിത്തം. ഇതുവരെ പത്ത് ലക്ഷത്തിലധികം കായിക പ്രമികളാണ് വിവിധ മത്സകരങ്ങള്‍ക്ക് സാക്ഷികളായത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി ആരാധകരും കാണികളായി ഖത്തറില്‍ എത്തിയിട്ടുണ്ട്. ഫിഫ അറബ് കപ്പിലെ കാണികളുടെ എണ്ണത്തില്‍ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഖത്തര്‍. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ദശലക്ഷം ആരാധകരെന്ന കണക്ക് മറികടന്നതായി സംഘാടക സമിതി അറിയിച്ചു.

ഗ്രൂപ്പ് ഘട്ടവും ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളും പൂര്‍ത്തിയായതോടെ 10,22,592 പേര്‍ മത്സരങ്ങള്‍ കാണാന്‍ വിവിധ സ്റ്റേഡിയങ്ങളില്‍ എത്തിയിതതായി കണക്കുകളുണ്ട്. ഖത്തറിലെ പ്രാദേശിയ ആരാധകര്‍ക്കൊപ്പം വിവിധ അറബ് രാജ്യങ്ങളില്‍ നിന്നുള്ള ഫുട്‌ബോള്‍ പ്രേമികളും കാഴ്ച്ചക്കാരായി എത്തിയതാണ് ഈ റെക്കോര്‍ഡ് നേട്ടത്തിന് കാരണമെന്ന് സംഘാടകര്‍ അറിയിച്ചു. മത്സരങ്ങള്‍ നടന്ന എല്ലാ വേദികളിലും കണികളുടെ സജീവ പങ്കാളിത്തവും ആവേശവും പ്രകടമായിരുന്നുവെന്ന് സംഘാടകര്‍ വ്യക്തമാക്കി.

2022ലെ ഫിഫ ലോകകപ്പിനായി നിര്‍മ്മിച്ച ആധുനിക സ്റ്റേഡിയങ്ങളും അടിസ്ഥാന സൗകര്യങ്ങളുമെല്ലാം ഫിഫ അറബ് കപ്പിനായും ഖത്തര്‍ പ്രയോജനപ്പെടുത്തുകയാണ്. ടൂര്‍ണമെന്റ് നിര്‍ണായക ഘട്ടങ്ങളിലേക്ക് കടക്കുന്നതിനാല്‍ കാണികളുടെ എണ്ണം ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ. തിങ്കളാഴ്ച നടക്കുന്ന സെമി ഫൈനല്‍ മത്സരങ്ങള്‍ക്കും, തുടര്‍ന്ന് നടക്കുന്ന മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിനും ഫൈനല്‍ മത്സരത്തിനും വന്‍ ജനപങ്കാളിത്തം ഉണ്ടാകുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍. ഫിഫ അറബ് കപ്പ് ആരംഭിച്ചതോടെ രാജ്യത്തിന്റെ ടൂറിസം കേന്ദ്രങ്ങളിലും സഞ്ചാരികളുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ധിച്ചു. മറ്റ് രാജ്യങ്ങളിലില്‍ നിന്ന് കൂടുതല്‍ ആളുകള്‍ ഇവിടേക്ക് എത്തുന്നത് ടൂറിസം മേഖലയില്‍ വലിയ വികസനം കൊണ്ടുവരുമെന്നാണ് പ്രതീക്ഷ.

Content Highlight; FIFA sets historic record for Arab Cup audience attendance

To advertise here,contact us