സുഡാനിൽ തുടരുന്ന കൂട്ടക്കൊലകളും നരഹത്യകളും അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചു; ഖത്തർ അമീർ

സുഡാനിൽ രാഷ്ട്രീയസ്ഥിരത ഇല്ലാതിരിക്കുന്നത് ഇത്തരം ദുരന്തങ്ങളിലേക്കും കൂട്ടക്കൊലയിലേക്കും നയിക്കുമെന്ന് തിരിച്ചറിയാൻ ലോകത്തിന് മറ്റൊരു തെളിവ് ആവശ്യമുണ്ടോയെന്ന് അമീർ ചോദിച്ചു

സുഡാനും പലസ്തീനും വേണ്ടി ശബ്ദമുയർത്തി ഖത്തർ. ഖത്തർ ആതിഥേയത്വം വഹിക്കുന്ന രണ്ടാം ലോക സാമൂഹിക വികസന ഉച്ചകോടിയിലാണ് ഖത്തർ അമീർ ശെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഇരു രാജ്യങ്ങളിലും സമാധാനം പുലരേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയത്. ഈ മാസം ആറ് വരെ നീളുന്ന ലോക സാമൂഹിക വികസന ഉച്ചകോടിയിൽ വിവിധ ലോക നേതാക്കളാണ് പങ്കെടുക്കുന്നത്.

സുഡാനിൽ രാഷ്ട്രീയസ്ഥിരത ഇല്ലാതിരിക്കുന്നത് ഇത്തരം ദുരന്തങ്ങളിലേക്കും കൂട്ടക്കൊലയിലേക്കും നയിക്കുമെന്ന് തിരിച്ചറിയാൻ ലോകത്തിന് മറ്റൊരു തെളിവ് ആവശ്യമുണ്ടോയെന്ന് അമീർ ചോദിച്ചു. രണ്ടര വർഷമായി സുഡാനിൽ തുടരുന്ന കൂട്ടക്കൊലകളും നരഹത്യകളും അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചെന്നും സുഡാന്റെ പ്രാദേശിക സമഗ്രത കൈവരിക്കാൻ ഒരു രാഷ്ട്രീയ പരിഹാരം ഉടനടി ഉണ്ടാവേണ്ടതുണ്ടെന്നും അമീർ ആവശ്യപ്പെട്ടു.

പലസ്തീനുള്ള പിന്തുണയും അമീർ ആവർത്തിച്ചു. പലസ്തീൻ ജനതക്ക് സ്വന്തം പ്രദേശങ്ങളിൽ നിയമപരമായ അവകാശം വിനിയോഗിക്കാൻ കഴിയുന്നതുവരെ പിന്തുണ ശക്തമാക്കാനും നീതി ലഭിക്കുന്നതുവരെ അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനും അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു.

Content Highlights: Qatar raises voice for Sudan and Palestine

To advertise here,contact us