വസ്തു വാങ്ങിയാൽ ദിവസങ്ങൾക്കുള്ളിൽ ഉടമസ്ഥാവകാശം; പുതിയ പ്രഖ്യാപനവുമായി ഖത്തർ

ആഭ്യന്തര, നീതിന്യായ, തൊഴില്‍ മന്ത്രാലയങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്

റിയല്‍ എസ്‌റ്റേറ്റ് മേഖലയുടെ വികസനം ലക്ഷ്യമിട്ട് പുതിയ പ്രഖ്യാപനവുമായി ഖത്തര്‍ ഭരണകൂടം. രണ്ട് ലക്ഷം യുഎസ് ഡോളര്‍ വിലമതിക്കുന്ന വസ്തുക്കള്‍ വാങ്ങുന്ന വിദേശികള്‍ക്ക് ദിവസങ്ങള്‍ക്കുള്ളില്‍ ഉടമസ്ഥാവകാശ രേഖയും റിയല്‍ എസ്റ്റേറ്റ് റെസിഡന്‍സി വിസയും സ്വന്തമാക്കാനുള്ള അവസരമാണ് പുതിയ പ്രഖ്യാപനത്തിലൂടെ വന്നുചേര്‍ന്നിരിക്കുന്നത്.

രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് അന്താരാഷ്ട്ര നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പ്രഖ്യാപനം. ഏകദേശം രണ്ട് ലക്ഷം യുഎസ് ഡോളര്‍, അതായത് 7.3 ലക്ഷം ഖത്തര്‍ റിയാല്‍ വിലമതിക്കുന്ന വസ്തുക്കള്‍ വാങ്ങുന്ന വിദേശികള്‍ക്ക് ദിവസങ്ങള്‍ക്കുള്ളില്‍ ഉടമസ്ഥാവകാശ രേഖയും റിയല്‍ എസ്റ്റേറ്റ് റെസിഡന്‍സി വിസയും നല്‍കുമെന്നാണ് പ്രഖ്യാപനം. റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ചെയര്‍മാന്‍ ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഉബൈദലിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിത്.

ആഭ്യന്തര, നീതിന്യായ, തൊഴില്‍ മന്ത്രാലയങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നിക്ഷേപകരുടെ നടപടികള്‍ എളുപ്പവും സുതാര്യവുമാക്കാന്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകളും ഏകോപിതമായി പ്രവര്‍ത്തിക്കുമെന്നും അല്‍ ഉബൈദലി വ്യക്തമാക്കി. ഒരു മില്യണ്‍ ഡോളര്‍ അല്ലെങ്കില്‍ അതിലധികം മൂല്യമുള്ള വസ്തു വാങ്ങുന്നവര്‍ക്ക് സ്ഥിരതാമസ അവകാശവും നല്‍കുമെന്നും പുതിയ നിയമത്തില്‍ പറയുന്നു. സ്ഥിരതാമസക്കാര്‍ക്ക് ആരോഗ്യം, വിദ്യാഭ്യാസം, നിക്ഷേപ ആനുകൂല്യങ്ങള്‍ തുടങ്ങിയവയും ലഭിക്കും.

ഈ വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഖത്തറിലെ റിയല്‍ എസ്റ്റേറ്റ് മേഖല 8.9 ബില്യണ്‍ റിയാല്‍ മൂല്യമുള്ള ഇടപാടുകള്‍ രേഖപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. മുന്‍വര്‍ഷത്തേക്കാള്‍ 29.8 ശതമാനമാണ് വളര്‍ച്ച. താമസ കെട്ടിടങ്ങള്‍ വാങ്ങിയവരുടെ എണ്ണത്തില്‍ മാത്രം 114 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി.

ഖത്തറിലെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും മാളുകള്‍, ഓഫീസുകള്‍, ഫ്‌ലാറ്റുകള്‍ തുടങ്ങിയവ സ്വന്തമാക്കാനുള്ള അവസരവും ലഭ്യമാണ്. ഉടമസ്ഥാവകാശവും വിസ നടപടികളും ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. 24 മണിക്കൂറിനുള്ളില്‍ ഉടമസ്ഥാവകാശ രേഖകളും നിര്‍മ്മാണ അനുമതികളും ലഭ്യമാക്കും.

Content Highlights: Qatar government issues new announcement aimed at developing real estate sector

To advertise here,contact us