'ഖത്തറിനെ ആക്രമിച്ചാൽ യുഎസിനെ ആക്രമിക്കുന്നതായി കണക്കാക്കും'; മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

'ഖത്തറിന് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കൻ ഐക്യനാടുകളുടെയും ഖത്തർ രാഷ്ട്രത്തിന്റെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി കഴിയുന്നതെല്ലാം ചെയ്യും'

ഖത്തറിന് നേരെയുള്ള ഏതൊരു ആക്രമണവും അമേരിക്കയ്ക്ക് നേരെയുള്ള ആക്രമണമായി കരുതമെന്ന് ഡൊണാൾഡ് ട്രംപ്. ഖത്തറിന് എല്ലാ സുരക്ഷയും ഉറപ്പുവരുത്തുമെന്നും അമേരിക്കൻ പ്രസിഡന്റ് കൂട്ടിച്ചേർത്തു. കഴിഞ്ഞ മാസം ദോഹയിലെ ഹമാസ് നേതാക്കൾക്ക് നേരെ ഇസ്രയേലിന്റെ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് ട്രംപിന്റെ വാക്കുകൾ.

ഖത്തറിന് നേരെ വിദേശ ആക്രമണ ഭീഷണികൾ തുടരുന്ന സാഹചര്യമാണുള്ളത്. അതിനാൽ ഇത്തരം ആക്രമണങ്ങളിൽ നിന്ന് ഖത്തറിന്റെ സുരക്ഷയും പ്രദേശിക അഖണ്ഡതയും ഉറപ്പുവരുത്തുകയെന്നത് അമേരിക്കയുടെ നയമാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച ഒപ്പിട്ട ഒരു എക്സിക്യൂട്ടീവ് ഓർഡറിൽ പറയുന്നു.

'ഖത്തറിന് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കൻ ഐക്യനാടുകളുടെയും ഖത്തർ രാഷ്ട്രത്തിന്റെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി കഴിയുന്നതെല്ലാം ചെയ്യും. അത്തരം മേഖലകളിൽ സമാധാനവും സ്ഥിരതയും പുനസ്ഥാപിക്കുന്നതിനായി നയതന്ത്രപരവും സാമ്പത്തികപരവുമായ സഹായങ്ങൾ നൽകും. ആവശ്യമെങ്കിൽ സൈനികപരവും നിയമപരവുമായ നടപടികളും യുഎസ് സ്വീകരിക്കും,' ട്രംപ് കൂട്ടിച്ചേർത്തു.

സെപ്റ്റംബർ 9-നാണ് ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള യുഎസ് സമാധാന നിർദ്ദേശം ചർച്ച ചെയ്യുകയായിരുന്ന പലസ്തീൻ സായുധ ഗ്രൂപ്പായ ഹമാസിൻ്റെ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം നടത്തിയത്. പിന്നാലെ ആറ് പേർ കൊല്ലപ്പെടുകയും സുരക്ഷ ഉദ്യോ​ഗസ്ഥർക്കും സാധാരാണക്കാർക്കും പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തെ അപലപിച്ച് നിരവധി ലോകനേതാക്കൾ രംഗത്തെത്തുകയും ചെയ്തു.

കഴിഞ്ഞ ദിവസം ഇസ്രയേലിന്റെ ദോഹ ആക്രമണത്തില്‍ ഖത്തറിനോട് മാപ്പുപറഞ്ഞ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തിയിരുന്നു. ഖത്തര്‍ പ്രധാനമന്ത്രിയോട് വൈറ്റ് ഹൗസില്‍ നിന്നും നടത്തിയ ടെലഫോണ്‍ സംഭാഷണത്തിനിടെയാണ് നെതന്യാഹു മാപ്പുപറഞ്ഞത്. വാർത്ത ഏജൻസിയായ റോയിറ്റേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നെതന്യാഹു-ട്രംപ് കൂടിക്കാഴ്ചയ്ക്കിടെയാണ് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ അല്‍ താനിയ്ക്ക് നെതന്യാഹുവിന്റെ ഫോണ്‍ കോള്‍ ലഭിച്ചത്.

Content Highlights: US offers security guarantees to Qatar after Israel strikes

To advertise here,contact us