ഇസ്രയേൽ അധിനിവേശം പശ്ചിമേഷ്യയിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണി; വിമർശിച്ച് ഖത്തർ

സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന നയങ്ങളാണ് ഇസ്രയേൽ നടപ്പാക്കുന്നത്

ഇസ്രയേലിന്റെ അധിനിവേശം പശ്ചിമേഷ്യയിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയെന്ന് ഖത്തർ. ജനീവയിൽ നടന്ന മനുഷ്യാവകാശ കൗൺസിലിന്റെ 60-ാമത് സെഷനിൽ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ഡോ. ഹിന്ദ് അബ്ദുൽറഹ്മാൻ അൽ മുഫ്തയാണ് പ്രസ്താവന നടത്തിയത്. പശ്ചിമേഷ്യയിലെ സമാധാന സാധ്യതകളെയും സംഘർഷ ലഘൂകരണ ശ്രമങ്ങളെയും ഇസ്രയേൽ തകർക്കാൻ ശ്രമിക്കുകയാണ്. സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന, കുടിയേറ്റം, കോളനിവൽക്കരണം, ആക്രമണോത്സുകമായ പദ്ധതികളും നയങ്ങളുമാണ് ഇസ്രയേൽ നടപ്പാക്കുന്നതെന്ന് അബ്ദുൽറഹ്മാൻ അൽ മുഫ്ത പറഞ്ഞു.

പലസ്തീനെ രാജ്യമായി അം​ഗീകരിച്ച യുകെ, ഓസ്ട്രേലിയ, കാ‍ന‍ഡ തുടങ്ങിയ രാജ്യങ്ങളുടെ നിലപാടിനെ ഖത്തർ സ്വാഗതം ചെയ്തു. ഈ അംഗീകാരം പലസ്തീൻ ജനതയുടെ നിയമപരമായ അവകാശങ്ങൾക്കുള്ള വിജയമാണ്. എന്നാൽ പലസ്ഥീനെ രാജ്യമായി അം​ഗീകരിച്ച ഈ നിലപാട് കടലാസുകളിൽ മാത്രമായി ഒതുങ്ങരുതെന്നും ഖത്തർ ആവശ്യപ്പെട്ടു. അധിനിവേശ ശക്തിയായ ഇസ്രായേലിനെതിരെ സമ്മർദ്ദം ചെലുത്തുന്നതിനായി, അന്താരാഷ്ട്ര സമൂഹം അതിന്റെ നിയമപരവും ധാർമികവുമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുകയും ഫലപ്രദമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യണമെന്ന് ഖത്തർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം ഇസ്രയേലിന്റെ ദോഹ ആക്രമണത്തില്‍ ഖത്തറിനോട് മാപ്പുപറഞ്ഞ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രം​ഗത്തെത്തിയിരുന്നു. ഖത്തര്‍ പ്രധാനമന്ത്രിയോട് വൈറ്റ് ഹൗസില്‍ നിന്നും നടത്തിയ ടെലഫോണ്‍ സംഭാഷണത്തിനിടെയാണ് നെതന്യാഹു മാപ്പുപറഞ്ഞതെന്ന് അദ്ദേഹവുമായുളള അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. വാർത്താ ഏജൻസിയായ റോയിറ്റേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നെതന്യാഹു-ട്രംപ് കൂടിക്കാഴ്ചയ്ക്കിടെയാണ് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ അല്‍ താനിയ്ക്ക് നെതന്യാഹുവിന്റെ ഫോണ്‍ കോള്‍ ലഭിച്ചത്.

സെപ്റ്റംബർ ഒമ്പതിന് വൈകിട്ട് മൂന്നരയോടെയാണ് ദോഹയിലെ നയതന്ത്ര മേഖലയായ ലഗ്താഫിയയിൽ ഇസ്രയേൽ അപ്രതീക്ഷിത ആക്രമണം നടത്തിയത്. ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെടുകയും സുരക്ഷ ഉദ്യോ​ഗസ്ഥർക്കും സാധാരാണക്കാർക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു. ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിന് നേർക്കാണ് ആക്രമണം നടത്തിയതെന്നായിരുന്നു ഇസ്രയേലിന്റെ വാദം.

Content Highlights: Qatar Affirms Israeli Occupation Seeks to Undermine Chance of Peace in the Region

To advertise here,contact us