ഖത്തറിൽ മെട്രോ ഉപയോഗിക്കുന്നവർക്ക് ഒരുവർഷം നീളുന്ന പ്രത്യേക യാത്രപാസ് പുറത്തിറക്കി. 990 ഖത്തർ റിയാൽ വിലയുള്ള ഈ പാസ് ഉപയോഗിച്ച് 365 ദിവസം ദോഹ മെട്രോയിലും ലുസൈൽ ട്രാമിലും പരിധിയില്ലാതെ യാത്ര ചെയ്യാം. സ്കൂൾ സാമഗ്രികൾ വിതരണം ചെയ്യുന്ന ഖത്തറിലെ സ്ഥാപനങ്ങളുമായി സഹകരിച്ച് ഖത്തർ റെയിൽ സംഘടിപ്പിക്കുന്ന രണ്ടാമത് 'ബാക്ക് ടു സ്കൂൾ' പരിപാടിയുടെ ഭാഗമായാണ് പുതിയ മെട്രോപാസ് അവതരിപ്പിച്ചത്. സെപ്റ്റംബർ രണ്ടുവരെ ദോഹ മെട്രോയുടെ ഗോൾഡ് ലൈനിലെ സ്പോർട്സ് സിറ്റി സ്റ്റേഷനിൽ ഈ പരിപാടി ഉണ്ടായിരിക്കും.
പാസ് മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ഖത്തർ റെയിൽ 20% കിഴിവ് നൽകുന്നുണ്ട്. ഓഗസ്റ്റ് 31 വരെ പരിപാടി നടക്കുന്ന സ്ഥലത്ത് നിന്ന് മാത്രമേ ഈ ഓഫറിനായുള്ള വൗച്ചറുകൾ ലഭിക്കൂ. സെപ്റ്റംബർ 1 മുതൽ 30 വരെ, ദോഹ മെട്രോ ഗോൾഡ് ക്ലബ് ഓഫീസിലോ ലുസൈൽ ട്രാം ടിക്കറ്റിങ് ഓഫീസിലോ വൗച്ചറിന്റെ ഒറിജിനൽ ഹാജരാക്കി പാസ് വാങ്ങാവുന്നതാണ്.
പുതിയ അധ്യയന വർഷം തുടങ്ങുന്നതിന് മുന്നോടിയായി സ്കൂൾ സാധനങ്ങൾ വിൽക്കുന്ന കടകളുടെ പ്രത്യേക ഓഫറുകൾ പൊതുജനങ്ങൾക്കും ഉപഭോക്താക്കൾക്കും നേരിട്ട് അറിയാനുള്ള അവസരവുമുണ്ട്. മെട്രോയുടെ ഗോൾഡ് ലൈനിലെ സ്പോർട്സ് സിറ്റി സ്റ്റേഷനിൽ നടക്കുന്ന ഈ പരിപാടിയിലാണ് ഈ അവസരം ലഭിക്കുക.
Content Highlights: Qatar Rail to unveil 365-day metropass with early bird promotion