ഖത്തറില് വാഹനങ്ങളുടെ രജിസ്ട്രേഷന് പുതുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി ജനറല് ട്രാഫിക് ഡയറക്ടേറ്റ്. ഡിസംബര് 31 വരെയാണ് വാഹന ഉടമകള്ക്ക് സമയം നീട്ടി അനുവദിച്ചിരിക്കുന്നത്. രജിസ്ട്രേഷന് പുതുക്കല് കേന്ദ്രങ്ങളിലെ തിരക്കും വാഹന ഉടമകളുടെ ആവശ്യവും കണക്കിലെടുത്താണ് സമയപരിധി നീട്ടി നല്കിയതെന്ന് ജനറല് ട്രാഫിക് ഡയറക്ടേറ്റ് അറിയിച്ചു.
ഈ മാസം 27നുള്ളില് വാഹനങ്ങളുടെ രജിസ്ട്രേഷന് പുതുക്കല് നടപടികള് എല്ലാ വാഹന ഉടമകളും പൂര്ത്തിയാക്കണമെന്നായിരുന്നു ജനറല് ട്രാഫിക് ഡയറക്ടേറ്റ് നേരത്തെ അറിയിച്ചിരുന്നത്. ഇതാണ് ഇപ്പോള് ഡിസംബര് 31 വരെ നീട്ടിയിരിക്കുന്നത്. നിശ്ചിത സമയപരിധിക്കുള്ളില് എല്ലാവരും നടപടികള് പൂര്ത്തിയാക്കണമെന്ന് അധികൃതര് നിര്ദേശിച്ചു.
ഡിസംബര് 31ന് മുമ്പ് രജിസ്റ്റര് ചെയ്ത വാഹനങ്ങള് അംഗീകൃത നിലവാരം പാലിച്ചില്ലെങ്കിലും വില്ക്കാനും പ്രദര്ശിപ്പിക്കാനും അനുമതി നല്കും. ഷോറൂമുകളിലും ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളിലും ഇതിന് നിയന്ത്രണങ്ങളുണ്ടാകില്ല. എന്നാല് അതിനുശേഷം രജിസ്റ്റര് ചെയ്ത വാഹനങ്ങള് നിലവാരം പാലിച്ചില്ലെങ്കില് വില്പനയോ പ്രദര്ശനമോ അനുവദിക്കില്ല. നിയമം ലംഘിക്കുന്നവര് ശക്തമായ നടപടികൾ നേരിടേണ്ടി വരുമെന്നും ജനറല് ട്രാഫിക് ഡയറക്ടേറ്റ് മുന്നറിയിപ്പ് നല്കി.
രജിസ്ട്രേഷന് പുതുക്കാത്ത വാഹനങ്ങള് രജിസ്ട്രിയില് നിന്ന് നീക്കം ചെയ്യുമെന്ന് നേരത്തെ ജനറല് ട്രാഫിക് ഡയറക്ടേറ്റ് മുന്നറിയിപ്പു നല്കിയിരുന്നു. വാഹനങ്ങളുടെ സാങ്കേതിക പരിശോധനക്ക് പരമാവധി 15 മിനിറ്റു വരെയാണ് സമയമെടുക്കുക. ഇലക്ട്രോണിക് പ്ലാറ്റ്ഫോമായ മെട്രാഷ് വഴിയാണ് രജിസ്ട്രേഷന് പുതുക്കേണ്ടത്. കൃത്യമായി വാഹന രജിസ്ട്രേഷന് പുതുക്കാത്ത വാഹനങ്ങള് നിയമാനുസൃതമാക്കാന് ഒരു മാസത്തെ സമയമാണ് ജനറല് ട്രാഫിക് ഡയറക്ടേറ്റ് നേരത്തെ നല്കിയിരുന്നത്.
Content Highlights: Deadline for vehicle registration renewal in Qatar extended