ഭക്ഷ്യസുരക്ഷാ പരിശോധനകൾ ശക്തമാക്കി ഖത്തർ; നിയമലംഘനങ്ങൾ നടത്തിയ സ്ഥാപനങ്ങൾക്ക് പൂട്ട്

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ തുടർന്നും നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ഖത്തറിൽ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കി ഖത്തർ മുൻസിപ്പാലിറ്റി മന്ത്രാലയം. രാജ്യത്ത് പൊതുസുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടികൾ സ്വീകരിച്ചിരിക്കുന്നത്. ഈ വർഷം രണ്ടാം പാദത്തിൽ 1,54,000-ത്തിലധികം ഭക്ഷ്യ സുരക്ഷാ പരിശോധനകളാണ് മന്ത്രാലയം നടത്തിയത്. 8,466 നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. നിയമലംഘനങ്ങൾ നടത്തിയ 27 ഭക്ഷ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ചെയ്തു.

ഭക്ഷ്യസ്ഥാപനങ്ങളിൽ പരിശോധനകൾക്കായി 85,284 റൗണ്ടുകളും പൊതുനിയന്ത്രണത്തിനായി 39,486 റൗണ്ടുകളും സാങ്കേതിക പരിശോധനകൾക്കായി 29,287 റൗണ്ടുകളും മന്ത്രാലയം സംഘടിപ്പിച്ചിരുന്നു. ഇതോടൊപ്പം, കീടനിയന്ത്രണവുമായി ബന്ധപ്പെട്ട് ലഭിച്ച 59,136 പരാതികൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുകയും 9,964 അപേക്ഷകൾക്ക് തീർപ്പുകൽപ്പിക്കുകയും ചെയ്തു. പരസ്യ ലൈസൻസുകൾക്കായി ലഭിച്ച 17,217 അപേക്ഷകൾക്കും സമയബന്ധിതമായി മറുപടി നൽകിയിട്ടുമുണ്ട്.

പൊതുജനാരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും സേവനങ്ങൾ വേഗത്തിലാക്കുന്നതിനും ജനങ്ങളുടെ വിശ്വാസം വർധിപ്പിക്കുന്നതിനും കർശന നടപടികൾ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ തുടർന്നും നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Content Highlights: Qatar strengthens food safety inspections

To advertise here,contact us