ഖത്തറിൽ സാമ്പത്തിക പിഴയിൽ നൂറു ശതമാനം ഇളവ് ലഭിക്കുന്നതിനുള്ള സമയപരിധി ആഗസ്റ്റ് 31-ന് അവസാനിക്കുമെന്ന മുന്നറിയിപ്പുമായി ജനറൽ ടാക്സ് അതോറിറ്റി. നികുതിദായകർ ഈ സമയപരിധിക്കുള്ളിൽ പിഴ ഇളവിനായി അപേക്ഷിക്കണമെന്ന് ജനറൽ ടാക്സ് അതോറിറ്റി അറിയിച്ചു.
ഖത്തറിൽ ഈ വർഷം ഫെബ്രുവരിയിൽ ടാക്സുമായി ബന്ധപ്പെട്ട വീഴ്ചകൾക്ക് നൂറു ശതമാനം പിഴയിളവ് പ്രഖ്യാപിച്ച് ഉത്തരവിറക്കിയിരുന്നു. മാർച്ച് ഒന്ന് മുതലാണ് ഉത്തരവ് പ്രാബല്യത്തിൽ വന്നത്. നികുതി റിട്ടേൺ സമർപ്പിക്കുന്നതിലും ടാക്സ് കാർഡ് രജിസ്ട്രേഷനിലും വന്ന കാലതാമസത്തിന് ഈടാക്കിയിരുന്ന പിഴകൾ ഈ ഇളവ് പ്രകാരം പൂർണമായും ഒഴിവാക്കിയിരുന്നു. എന്നാൽ, ഈ ഇളവ് ആഗസ്റ്റ് 31-ന് അവസാനിക്കും.
മാർച്ച് ഒന്നു മുതൽ ഇതുവരെ 4,000-ത്തിലധികം നികുതിദായകർക്ക് 900 ദശലക്ഷം റിയാലിൽ കൂടുതൽ സാമ്പത്തിക പിഴ ഇളവുകൾ ലഭിച്ചതായി ജനറൽ ടാക്സ് അതോറിറ്റി അറിയിച്ചു. സ്വമേധയാ നികുതി അടയ്ക്കുന്നതിനെ പ്രോത്സാഹിപ്പിക്കാനും നികുതി സംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കാനും ലക്ഷ്യമിട്ടാണ് ഇത്തരമൊരു ഇളവ് അനുവദിച്ചത്.
ഖത്തറിലെ കമ്പനികളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുക എന്നതും രാജ്യത്തിന്റെ സുസ്ഥിര വികസന പദ്ധതികളെ ശക്തിപ്പെടുത്തുക എന്നതും ഈ തീരുമാനത്തിനെ പിന്നിലെ ലക്ഷ്യങ്ങളാണ്. പിഴയുള്ള എല്ലാ നികുതിദായകരും ഈ അവസരം ഉപയോഗിച്ച് അവരുടെ നികുതി സംബന്ധമായ കാര്യങ്ങൾ ക്രമപ്പെടുത്തണമെന്നും ഭാവിയിൽ പിഴകൾ ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും അതോറിറ്റി വ്യക്തമാക്കി.
Content Highlights: Qatar Tax Authority issues reminder on 100% Financial Penalty Exemption Initiative deadline