ലോകത്തിലെ ഏറ്റവും വലിയ 3D പ്രിന്റഡ് കെട്ടിടവുമായി ഖത്തർ. കെട്ടിട നിർമാണത്തിനായുള്ള 3D പ്രിന്റിങ് ഖത്തറിലെ പൊതുമരാമത്ത് അതോറിറ്റിയുമായി (അഷ്ഗൽ) സഹകരിച്ച്, യുസിസി ഹോൾഡിംഗ് ഔദ്യോഗികമായി ആരംഭിച്ചു. 14 പുതിയ പൊതുവിദ്യാലയങ്ങളാണ് ആദ്യഘട്ടത്തിൽ നിർമിക്കുന്നത്. ഇതിൽ രണ്ട് വിദ്യാലയങ്ങൾ പൂർണമായും 3D പ്രിന്റ് ആയിരിക്കും. ലോകത്ത് നിലവിൽ ഉള്ള ഏതൊരു 3D പ്രിന്റഡ് കെട്ടിടത്തേക്കാളും 40 മടങ്ങ് വലിയ കെട്ടിടങ്ങളാണ് ഖത്തറിൽ ഉയരാനിരിക്കുന്നത്.
നൂറ് മീറ്റർ നീളവും നൂറ് മീറ്റർ വീതിയുമുള്ള പ്ലോട്ടുകളിൽ ഇരുനില കെട്ടിടങ്ങളായാണ് സ്കൂളുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആഗോളതലത്തിൽ തന്നെ 3D പ്രിന്റിങിൽ കഴിവ് തെളിയിച്ച ഡച്ച് കമ്പനിയായ COBOD-മായി ചേർന്നാണ് യുസിസി ഹോൾഡിംഗ് 3D കെട്ടിടങ്ങൾ നിർമിക്കുന്നത്. ഇതിനായി രണ്ട് കസ്റ്റം BODXL പ്രിന്ററുകൾ കമ്പനി വിതരണം ചെയ്തിട്ടുണ്ട്. ഈ പ്രിന്ററുകൾക്ക് 50 മീറ്റർ നീളവും 30 മീറ്റർ വീതിയും 15 മീറ്റർ ഉയരവുമുണ്ട്. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ നിർമ്മാണ പ്രിന്ററുകളാണിവ.
കഴിഞ്ഞ എട്ട് മാസത്തിനിടെ, ദോഹയിൽ BOD2 പ്രിന്റർ ഉപയോഗിച്ച് 100-ലധികം പൂർണ്ണ തോതിലുള്ള പരീക്ഷണ പ്രിന്റുകൾ നടത്തിയ ശേഷമാണ് ഇപ്പോൾ പൂർണതോതിലുള്ള കെട്ടിട നിർമാണത്തിലേക്ക് കടന്നിരിക്കുന്നത്. ഖത്തറിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഒപ്റ്റിമൈസ് ചെയ്ത കോൺക്രീറ്റ് മിശ്രിതങ്ങൾ വികസിപ്പിച്ചാണ് കെട്ടിടങ്ങൾക്ക് ആവശ്യമായ നിർമാണ വസ്തുകൾ പ്രിന്റ് ചെയ്ത് എടുക്കുന്നത്.
പരമ്പരാഗത നിർമ്മാണ രീതികളെ അപേക്ഷിച്ച് 3D പ്രിന്റിങ് ചിലവ് കുറഞ്ഞതും പരിസ്ഥിതി അനുകൂലവുമാണ്. അസംസ്കൃത വസ്തുക്കളുടെ മാലിന്യം കുറയ്ക്കാനും കോൺക്രീറ്റ് ഉപയോഗം കുറയ്ക്കാനും ഈ രീതി സഹായിക്കും. രാത്രികളിലായിരിക്കും പ്രധാനമായും 3D പ്രിന്റിങുകൾ നടക്കുക. ഈ വർഷം അവസാനത്തോടെ പദ്ധതി പൂർത്തിയാക്കാനാണ് തീരുമാനം.
Content Highlights: Qatar to build 14 public schools with world largest 3D printed buildings