ഇക്കാര്യങ്ങൾ മറക്കരുത്... യാത്രക്കാർക്ക് സുപ്രധാന നിർദേശങ്ങൾ നൽകി ഹമദ് വിമാത്താവള അധികൃതർ

പെരുന്നാളിനോട് അനുബന്ധിച്ച് അടുത്ത ഏതാനും ദിവസങ്ങളിൽ വിമാനത്താവളത്തിൽ തിരക്ക് കൂടാനാണ് സാധ്യത.

ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള തിരക്ക് പരിഗണിച്ച് വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. പെരുന്നാളിനോട് അനുബന്ധിച്ച് അടുത്ത ഏതാനും ദിവസങ്ങളിൽ വിമാനത്താവളത്തിൽ തിരക്ക് കൂടാനാണ് സാധ്യത. കൂടാതെ വിനോദസഞ്ചാരികള്‍ കൂടിയാകുമ്പോള്‍ തിരക്ക് കൂടും. ഈ സാഹചര്യത്തിൽ തടസങ്ങളില്ലാതെ, യാത്ര സുഗമമാക്കുന്നതിനായാണ് അധികൃതര്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

11 ദിവസത്തെ അവധിയാണ് ഇത്തവണ ഈദുൽ ഫിത്റിന് ലഭിക്കുക. തിരക്ക് നിയന്ത്രിക്കാനാവശ്യമായ കരുതൽ നടപടികൾ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്. യാത്രക്കാർ വിമാനത്താവളത്തിൽ എത്തുന്നതിന് മുമ്പുതന്നെ ഓൺലൈനായി ചെക്കിൻ ചെയ്യുന്നത് ചെക്കിൻ കൗണ്ടറിലെ തിരക്ക് കുറയ്ക്കാൻ സഹായിക്കും.

ചെക്കിൻ, സുരക്ഷ പരിശോധന, ബോർഡിങ് നടപടികൾ എന്നിവയ്ക്ക് കൂടുതൽ സമയമെടുക്കുമെന്നതിനാൽ വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുമ്പെങ്കിലും എത്താൻ നിർദേശമുണ്ട്.

ഖത്തര്‍ എയര്‍വേസ് യാത്രക്കാര്‍ക്ക് നാല് മുതല്‍ 12 മണിക്കൂര്‍ മുമ്പായി ചെക്ക് ഇന്‍ ചെയ്യാം. ഈ സൗകര്യം ഏപ്രില്‍ അഞ്ചു വരെ തുടരും. യാത്രക്കാർക്ക് വിമാനത്താവളത്തിലെ ചെക്കിൻ, ബാ​ഗ് ഡ്രോപ് സെൽഫ് സർവീസ് സേവനവും പ്രയോജനപ്പെടുത്താം. 18 വയസിന് മുകളിലുള്ളവർ വേ​ഗത്തിൽ ക്ലിയറൻസിന് ഇ-​ഗേറ്റുകൾ ഉപയോ​ഗിക്കണം. ല​ഗേജുകൾ അനുവദിക്കപ്പെട്ട തൂക്കത്തിന്റെയും വലുപ്പത്തിന്റേയും പരിധിയിലാണെന്ന് നേരത്തെ ഉറപ്പുവരുത്തണം. അല്ലെങ്കിൽ ചെക്കിൻ നടപടികൾ വൈകാനും അധിക ഫീസ് ഈടാക്കാനും കാരണമാകും. നേരത്തെ ചെക്ക് ഇന്‍ ചെയ്യുന്ന ഖത്തര്‍ എയര്‍വേയ്‌സ് യാത്രികര്‍ക്ക് ഡ്യൂട്ടി ഫ്രീ സ്റ്റോറില് 10 ശതമാനം ഡിസ്‌കൗണ്ടും അനുവദിച്ചു.

സെൽഫ് ചെക്ക് ഇൻ-ബാ​ഗ് ഡ്രോപ് സംവിധാനങ്ങൾ ഉപയോ​ഗപ്പെടുത്തുക. സെൽഫ് സർവീസ് കിയോസ്കുകൾ ഉപയോ​ഗിച്ച് ചെക്ക് ഇൻ, ബോർഡിങ് പാസ് പ്രിന്റ് എന്നിവയടക്കമുള്ള നടപടികൾ പൂർത്തിയാക്കുക. 18 വയസ്സിന് മുകളിലുള്ള സ്വദേശികൾ, താമസക്കാർ എന്നീ യാത്രക്കാർക്ക് ഇ-​ഗേറ്റ് ഉപയോ​ഗിച്ച് വേ​ഗത്തിൽ നടപടി പൂർത്തിയാക്കാം. യാത്ര പുറപ്പെടുന്നതിന് 60 മിനിറ്റ് മുൻപ് ചെക്ക് ഇൻ അവസാനിക്കും. പുറപ്പെടുന്നതിന് 20 മിനിറ്റ് മുമ്പ് ബോർഡിങ് ​ഗേറ്റുകൾ അടക്കും.

ല​ഗേജ് അലവൻസും ഭാര നിയന്ത്രണങ്ങളും എയർലൈനുകൾ കർശനമായി പരിശോധിക്കുന്നതിനാൽ യാത്രക്കാർ അവരുടെ ല​ഗേജുമായി ബന്ധപ്പെട്ട മാർ​ഗനിർദേശങ്ങള്‍ എയർലൈനുകളുമായി ബന്ധപ്പെട്ട് പരിശോധിച്ച് ഉറപ്പുവരുത്തണം. യാത്രക്കാർക്കായി ഡിപ്പാർച്ചർ ഹാളിൽ ല​ഗേജിന്റെ ഭാരം നോക്കുന്നതിനും ബാ​ഗേജ് റീപാക്കിനുമുള്ള സൗകര്യമുണ്ടെന്നും അധികൃതർ അറിയിച്ചു..

Content Highlights: Hamad international airport issues travel advisory ahead of eid al fitr

To advertise here,contact us