ദോഹ: ഖത്തർ എക്സ്പോ 2023 തുടങ്ങാൻ ഇനി ദിവസങ്ങള് മാത്രം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നുള്ള സന്ദര്ശകരെ വരവേല്ക്കാന് എക്സപോ നഗരി ഒരുങ്ങിക്കഴിഞ്ഞതായി സംഘാടകര് അറിയിച്ചു. അടുത്ത മാസം രണ്ടിനാണ് ആറ് മാസം നീളുന്ന പ്രദര്ശന മേളക്ക് തുടക്കമാവുക.
ഫിഫ ലോകകപ്പിന്റെ വിജയകരമായ സംഘാടനത്തിന് ശേഷം ഖത്തര് വേദിയാകുന്ന ആദ്യ അന്താരാഷ്ട്ര ഈവന്റ് ആണ് ദോഹ എക്സപോ 2023. എക്സ്പോ നഗരിയില് മുഴുവന് പവലിയനുകളുടെയും നിര്മ്മാണം പൂര്ത്തിയായിക്കഴിഞ്ഞു. 88 രാജ്യങ്ങളുടെ പവലിയനുകള് മേളയില് അണിനിരക്കും. ഹരിത മരൂഭൂമി, മികച്ച പരിസ്ഥിതി എന്ന പ്രമേയത്തിലാണ് എക്സ്പോ സംഘടിപ്പിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുളള കലാകാരന്മാര് പങ്കെടുക്കുന്ന വിനോദ വിഞ്ജാന പരിപാടികളും അരങ്ങേറും. ആഗോള രുചി വൈവിധ്യങ്ങള് ആസ്വദിക്കാനുള്ള വേദി കൂടിയാണ് എക്സ്പോ സെന്റര്. അറേബ്യന് രുചി പെരുമയോടൊപ്പം ഇന്ത്യ, ഫിലിപ്പിനോ, കൊറിയന്, തായ്, ടര്ക്കിഷ് തുടങ്ങി വിവിധ രാജ്യങ്ങളുടെ ഫുഡ് സ്റ്റാളുകളും മേളയില് ഉണ്ടാകും. കൃഷി, ന്യൂതന സാങ്കേതിക വിദ്യ, പരിസ്ഥിതി തുടങ്ങി വിവിധ വിഷയങ്ങളില് ചര്ച്ചകളും സംവാദങ്ങളും എക്സ്പോയുടെ ഭാഗമായി സംഘടിപ്പിക്കും. ആറ് മാസം നീണ്ടു നില്ക്കുന്ന പ്രദര്ശന മേളയില് ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നായി 30 ലക്ഷത്തിലധികം സന്ദര്ശകരെയാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബർ രണ്ടിന് ആരംഭിക്കുന്ന എക്സ്പോ 2024 മാർച്ച് 28നാണ് അവസാനിക്കുക.