ദോഹ: ഒക്ടോബര് രണ്ട് മുതല് 2024 മാര്ച്ച് 28വരെ ദോഹയില് നടക്കുന്ന എക്സ്പോ 2023ന്റെ വോളണ്ടിയര്മാരെ തെരഞ്ഞെടുക്കുന്നതിനായി നടപടികള് ആരംഭിച്ചു. ഓഗസ്റ്റ് 12 ശനിയാഴ്ച ആരംഭിച്ച ഇൻ്റർവ്യു സെപ്റ്റംബര് ഒമ്പതുവരെ തുടരും. അപേക്ഷിച്ചവരില് നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരെയാണ് ഇൻ്റർവ്യുവിനായി വിളിച്ചിരിക്കുന്നത്. ആഗസ്റ്റ് ആദ്യവാരത്തില് ആരംഭിച്ച വോളണ്ടിയറിങ് രജിസ്ട്രേഷനില് 50,000ത്തില് പരം ആളുകളാണ് രജിസ്റ്റര് ചെയ്തിരിക്കുന്നത്. ഇവരില് നിന്ന് 2,200 പേരെയാണ് വോളണ്ടിയര്മാരായി തെരഞ്ഞെടുക്കുക.
ഗ്രീൻ ടീം എന്നറിയപ്പെടുന്ന വോളണ്ടിയര് ടീമിനെ പയനിയർ വോളണ്ടിയര് സംഘങ്ങളുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുക്കുന്നത്. ഇന്റര്വ്യൂവിനായി തിരഞ്ഞെടുക്കപ്പെട്ടവര്ക്ക് ഇ-മെയിലുകള് അയച്ചിട്ടുണ്ട്. അപേക്ഷകർക്കുതന്നെ ഇൻ്റർവ്യുവിനുള്ള സമയം ഷെഡ്യൂൾ ചെയ്യാൻ കഴിയുന്നവിധത്തിൽ ലിങ്ക് നൽകിയാണ് മെയിൽ നൽകുന്നത്. ഇന്റര്വ്യൂ വിജയകരമായി പൂര്ത്തീകരിച്ചാല് വോളണ്ടിയര്മാര്ക്ക് അനുയോജ്യമായ ചുമതലയും ജോലിയും നല്കും. തുടര്ന്ന് വോളണ്ടിയര്മാര്ക്കായുള്ള ഷിഫ്റ്റ് ഷെഡ്യൂളിംഗ്, പരിശീലന സെഷനുകളും ലഭിക്കും. ആറ് മാസ കാലയളവില് ഓരോ വളണ്ടിയര്മാരും ആഴ്ചയില് രണ്ട് ദിവസങ്ങളിലായി ആകെ 45 ഷിഫ്റ്റുകള് പൂര്ത്തിയാക്കണം. ആറ് മുതല് എട്ട് മണിക്കൂര്വരെയാണ് ഒരു ഷിഫ്റ്റിന്റെ ദൈര്ഘ്യം.
ഖത്തർ എക്സ്പോ 2023ന്റെ അവസാന ഘട്ട ഒരുക്കങ്ങള് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത മാസം മുതല് പൊതുജനങ്ങള്ക്ക് എക്സ്പോ വേദിയില് പ്രവേശനം അനുവദിക്കും. മേളയില് 30 ലക്ഷത്തിലധികം സന്ദര്ശകരെയാണ് പ്രതീക്ഷിക്കുന്നത്. ഫിഫ ലോകകപ്പിന്റെ വിജയകരമായ സംഘാടനത്തിന് ശേഷം ഖത്തര് വേദിയാകുന്ന ആദ്യ അന്താരാഷ്ട ഈവന്റ് ആണ് ദോഹ എക്സപോ 2023. എക്സപോ വേദിയുടെ അവസാന ഘട്ട നിര്മ്മാണ പ്രവര്ത്തനങ്ങളാണ് ഇപ്പോള് ഖത്തറില് പുരോഗമിക്കുന്നത്. എന്നാല് അടുത്ത മാസം പകുതിയോടെ വേദിയിലെ കാഴ്ചകള് കാണാന് പൊതു ജനങ്ങള്ക്ക് പ്രവേശനം അനുവദിക്കും. കൃഷിയും ഹരിതവത്കരണവും പരിസ്ഥിതി സംരക്ഷണവുമെല്ലാം അടിസ്ഥാനമാവുന്ന അന്താരാഷ്ട്ര ഹോര്ട്ടികള്ചറല് എക്സ്പോയ്ക്ക് ആദ്യമായാണ് ഒരു ഗള്ഫ് രാജ്യം വേദിയൊരുക്കുന്നത്.
എഴുപതില് അധികം രാജ്യങ്ങളില് നിന്ന് മുപ്പത് ലക്ഷത്തിലധികം സന്ദര്ശകരെയാണ് പ്രതീക്ഷിക്കുന്നത്. ഹരിത മരൂഭൂമി, മികച്ചപരിസ്ഥിതി എന്ന പ്രമേയത്തില് നടക്കുന്ന എക്സ്പോയില് വിവിധ രാജ്യങ്ങളുടെ പവലിയനുകള്ക്ക് പുറമെ വിനോദ വിജ്ഞാന പരിപാടികളും അരങ്ങേറും. ലോകത്തിന്റെ രുചി വൈവിധ്യങ്ങള് ആസ്വദിക്കാനുള്ള വേദി കൂടിയാണ് എക്സ്പോ സെന്റര്. അറേബ്യന് രുചി പെരുമയോടൊപ്പം ഇന്ത്യ, ഫിലിപ്പിനോ, കൊറിയന്, തായ്, ടര്ക്കിഷ് തുടങ്ങി വിവിധ രാജ്യങ്ങളുടെ ഫുഡ് സ്റ്റാളുകളും മേളയില് അണിനിരക്കും.
പരിസ്ഥിതി വിദ്യാഭ്യാസം, സുസ്ഥിരത, കാലാവസ്ഥാ വ്യതിയാനം തുടങ്ങി വിവിധ വിഷയങ്ങളില് ചര്ച്ചകളും സംവാദങ്ങളും നടക്കും. എക്സ്പോ നഗരിയിലേക്ക് അടുത്ത മാസം മുതല് പ്രത്യേക ബസ് സര്വീസും ആരംഭിക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലങ്ങള് ബാധിക്കുന്ന വികസിത രാജ്യങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ഖത്തറിന്റെ പ്രതിബദ്ധത വ്യക്തമാക്കാനുള്ള അവസരമാണ് എക്സ്പോ 2023 എന്ന് സംഘടകര് അഭിപ്രായപ്പെട്ടു. മരുഭൂമിയുടെ മണ്ണില് മേളയെത്തുമ്പോള് പരിസ്ഥിതി സംരക്ഷണവും മരുഭൂവത്കരണത്തിനെതിരായ സന്ദേശവുമെല്ലാം പ്രധാനമായി മാറും. അല് ബിദ്ദ പാര്ക്ക് വേദിയാകുന്ന ദോഹ എക്സ്പോക്ക് 17 ലക്ഷം ചതുരശ്ര മീറ്റര് വിസ്തൃതിയുള്ള ഇടമാണ് ഒരുക്കുന്നത്. പാര്ക്കിലെ എക്സ്പോ വേദിയില് മൂന്നു മേഖലകളിലായി തിരിച്ചായിരിക്കും വളണ്ടിയര്മാരുടെ സേവനങ്ങള് ക്രമീകരിക്കുന്നത്.