മസ്കറ്റിൽ പൊലീസ് ചമഞ്ഞ് 18,000 ഒമാനി റിയാൽ കവർന്നു; മൂന്ന് ഏഷ്യൻ പൗരന്മാർ പിടിയിൽ

രേഖകൾ പരിശോധിക്കാനെന്ന വ്യാജേന അടുത്തുകൂടിയ പ്രതികൾ പിന്നീട് ബലപ്രയോഗത്തിലൂടെ പണം കൈക്കലാക്കി കടന്നുകളയുകയായിരുന്നു

പൊലീസ് ഉദ്യോഗസ്ഥരാണെന്ന് വ്യാജേന എത്തി ഏഷ്യൻ സ്വദേശിയെ കബളിപ്പിച്ച് 18,000 ഒമാനി റിയാൽ കവർന്ന സംഭവത്തിൽ ഏഷ്യൻ രാജ്യക്കാരായ മൂന്ന് പ്രതികളെ റോയൽ ഒമാൻ പൊലീസ് (ROP) അറസ്റ്റ് ചെയ്തു. ഔദ്യോഗിക രേഖകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇരയെ വഴിയിൽ തടഞ്ഞുനിർത്തിയ ശേഷമാണ് പ്രതികൾ കവർച്ച നടത്തിയത്.

രേഖകൾ പരിശോധിക്കാനെന്ന വ്യാജേന അടുത്തുകൂടിയ പ്രതികൾ പിന്നീട് ബലപ്രയോഗത്തിലൂടെ പണം കൈക്കലാക്കി കടന്നുകളയുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് മസ്കറ്റ് ഗവർണറേറ്റ് പൊലീസും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റും സംയുക്തമായി നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.

അന്വേഷണത്തിനൊടുവിൽ രണ്ട് പ്രതികളെ ഒമാനിൽ നിന്നുതന്നെ പൊലീസ് പിടികൂടി. എന്നാൽ, കവർച്ചയ്ക്ക് പിന്നാലെ വിദേശത്തേക്ക് കടന്നുകളഞ്ഞ മൂന്നാമത്തെ പ്രതിയെ, ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് മറ്റൊരു രാജ്യത്തുനിന്ന് തിരിച്ചെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികൾക്കെതിരെ നിയമാനുസൃതമായ തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

Content Highlights: Oman Police arrested three Asian nationals for impersonating police officers and forcibly stealing OMR 18,000 from a resident in Muscat.

To advertise here,contact us