പ്രവാസി ആനുകൂല്യങ്ങൾ ഇനി കൂടുതൽ സുരക്ഷിതം; ഗ്രാറ്റുവിറ്റിക്ക് പകരം നിർബന്ധിത സമ്പാദ്യ പദ്ധതിയുമായി ഒമാൻ

പുതിയ നിയമപ്രകാരം ഓരോ പ്രവാസി ജീവനക്കാരന്റെയും പ്രതിമാസ അടിസ്ഥാന ശമ്പളത്തിന്റെ ഒമ്പത് ശതമാനം തുക സർക്കാരിന്റെ സോഷ്യൽ പ്രൊട്ടക്ഷൻ ഫണ്ടിലേക്ക് അടയ്ക്കേണ്ടതുണ്ട്.

ഒമാനിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് പ്രവാസി തൊഴിലാളികൾക്ക് ആശ്വാസമായി സർക്കാരിന്റെ പുതിയ പ്രഖ്യാപനം. പ്രവാസികളുടെ സേവനാനന്തര ആനുകൂല്യങ്ങൾക്ക് ഇനി മുതൽ ഒമാൻ സർക്കാർ പൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കും. പതിവുപോലെ ജോലിയിൽ നിന്ന് പിരിഞ്ഞുപോകുമ്പോൾ മാത്രം ലഭിക്കുന്ന ഗ്രാറ്റുവിറ്റി രീതിക്ക് പകരം പ്രവാസികൾക്കായി പുതിയൊരു നിർബന്ധിത സമ്പാദ്യ പദ്ധതിയാണ് (Provident Fund Scheme) സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്.

2027 ജൂലൈ 19 മുതലാണ് ഈ പദ്ധതി രാജ്യത്തുടനീളം പ്രാബല്യത്തിൽ വരുന്നത്. പുതിയ നിയമപ്രകാരം ഓരോ പ്രവാസി ജീവനക്കാരന്റെയും പ്രതിമാസ അടിസ്ഥാന ശമ്പളത്തിന്റെ ഒമ്പത് ശതമാനം തുക സർക്കാരിന്റെ സോഷ്യൽ പ്രൊട്ടക്ഷൻ ഫണ്ടിലേക്ക് അടയ്ക്കേണ്ടതുണ്ട്. കമ്പനികളും തൊഴിലുടമകളുമാണ് ഓരോ മാസവും ഈ തുക സർക്കാരിലേക്ക് കൃത്യമായി അടയ്ക്കേണ്ടത്. ഈ തുക ഓരോ ജീവനക്കാരന്റെയും പേരിലുള്ള പ്രത്യേക അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കപ്പെടും.

ജോലി പൂർത്തിയാക്കി മടങ്ങുമ്പോൾ മാത്രം ആനുകൂല്യങ്ങൾ ലഭിക്കുന്ന പഴയ രീതിക്ക് പകരം, ഓരോ മാസവും നിശ്ചിത തുക കൃത്യമായി അക്കൗണ്ടിലെത്തുന്നു എന്നത് പ്രവാസികൾക്ക് വലിയ സാമ്പത്തിക സുരക്ഷിതത്വമാണ് നൽകുന്നത്. കൂടാതെ ഈ തുകയ്ക്ക് ലഭിക്കുന്ന നിക്ഷേപ ലാഭവിഹിതവും പ്രവാസികൾക്ക് തന്നെ സ്വന്തമാക്കാം. സേവനകാലയളവ് പൂർത്തിയാക്കി മടങ്ങുമ്പോൾ ഈ പണം ഒന്നിച്ചോ അല്ലെങ്കിൽ ഗഡുക്കളായോ കൈപ്പറ്റാനുള്ള സൗകര്യവും പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.

പുതിയ പദ്ധതി നടപ്പിലാകുന്ന 2027 ജൂലൈ 19-ന് മുൻപുള്ള നിങ്ങളുടെ പഴയ ഗ്രാറ്റുവിറ്റി തുകയും പൂർണ്ണമായും സുരക്ഷിതമായിരിക്കും. ഈ തുക തീർപ്പാക്കാൻ കമ്പനികൾക്ക് മൂന്ന് വഴികളാണ് സർക്കാർ നൽകുന്നത്. പ്രവാസി ജീവനക്കാരൻ ജോലി പൂർത്തിയാക്കി മടങ്ങുമ്പോൾ പഴയ നിയമപ്രകാരം തുക നേരിട്ട് നൽകുക, അല്ലെങ്കിൽ ഈ തുക ജീവനക്കാരന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുക, അതുമല്ലെങ്കിൽ സോഷ്യൽ പ്രൊട്ടക്ഷൻ ഫണ്ടിലെ പുതിയ അക്കൗണ്ടിലേക്ക് മാറ്റുക എന്നിവയാണവ.

പത്തു ലക്ഷത്തിലധികം വരുന്ന പ്രവാസി തൊഴിലാളികൾക്കാണ് ഒമാൻ സർക്കാരിന്റെ ഈ ചരിത്രപരമായ തീരുമാനം നേരിട്ട് പ്രയോജനം ചെയ്യുന്നത്. പ്രവാസികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും കൃത്യമായി സംരക്ഷിക്കുന്നതോടൊപ്പം ഒമാനിലെ പ്രവാസ ജീവിതത്തിന് കൂടുതൽ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുനൽകാനും ഈ പുതിയ പദ്ധതി വഴിയൊരുക്കും.

Content Highlights: Oman will replace the traditional end-of-service gratuity with a mandatory provident fund for expatriate workers from July 19, 2027, funded by 9% monthly employer contributions.

To advertise here,contact us