ഒമാനിലെ അപൂർവ്വ ജീവജാലങ്ങളെയും പരിസ്ഥിതി വ്യവസ്ഥകളെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ ആറ് പ്രധാന പ്രകൃതിദത്ത റിസർവുകളിൽ പാരിസ്ഥിതിക അതോറിറ്റി പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുന്നതിനും മനുഷ്യ ഇടപെടലുകൾ നിയന്ത്രിക്കുന്നതിനുമായി അതോറിറ്റി പുറപ്പെടുവിച്ച ആറ് ഭരണപരമായ തീരുമാനങ്ങൾ പ്രകാരമാണ് പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നിരിക്കുന്നത്. അൽ ഖൈറാൻ, രാസ് അൽ ഷജർ, അൽ ബുറൈമി ഒയാസിസ്, അൽ ദാഹിറ, അൽ ജബൽ അൽ ഗർബി, ഖൗർ സലാല എന്നീ പ്രകൃതിദത്ത റിസർവുകൾക്കാണ് ഈ ആനുകൂല്യങ്ങളും നിയന്ത്രണങ്ങളും ബാധകമാകുന്നത്.
പുതിയ ഉത്തരവ് പ്രകാരം, ഈ സംരക്ഷിത മേഖലകളിൽ പ്രവേശിക്കുന്നതിനും ക്യാമ്പിംഗ് നടത്തുന്നതിനും രാത്രി തങ്ങുന്നതിനും അതോറിറ്റിയുടെ മുൻകൂർ അനുമതി നിർബന്ധമാണ്. കൂടാതെ ഫോട്ടോഗ്രാഫി, ശാസ്ത്രീയ പഠനങ്ങൾ, മൃഗങ്ങളെ മേയ്ക്കൽ, കൃഷി തുടങ്ങിയ പ്രവർത്തനങ്ങൾക്കും മുൻകൂട്ടി പെർമിറ്റ് എടുത്തിരിക്കണം. കിണറുകൾ കുഴിക്കൽ, ഖനനം, നിർമ്മാണ പ്രവർത്തനങ്ങൾ, മരങ്ങൾ നടൽ, ഫോസിലുകളും പുരാവസ്തുക്കളും കല്ലുകളും ശേഖരിക്കൽ എന്നിവയ്ക്കും അതോറിറ്റിയുടെ പ്രത്യേക അനുമതി ആവശ്യമാണ്.
വന്യജീവികൾക്കും സ്വാഭാവികവാസസ്ഥലങ്ങൾക്കും ഭീഷണിയാകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. ആയുധങ്ങളുടെയോ വിഷവസ്തുക്കളുടെയോ ഉപയോഗം, നിയന്ത്രിത പാതകളിലൂടെയല്ലാതെ വാഹനങ്ങൾ ഓടിക്കൽ (Off-road driving) എന്നിവയ്ക്കെതിരെ കർശന നടപടിയുണ്ടാകും. സസ്യലതാദികൾ നശിപ്പിക്കൽ, ജലാശയങ്ങൾ മലിനമാക്കൽ, അന്യദേശ ജീവിവർഗ്ഗങ്ങളെ റിസർവുകളിലേക്ക് കടത്തിവിടൽ, സംരക്ഷിത മേഖലകളിലെ കെട്ടിടങ്ങൾക്കും സൗകര്യങ്ങൾക്കും കേടുപാടുകൾ വരുത്തൽ എന്നിവയും പുതിയ നിയമപ്രകാരം കുറ്റകരമാണ്.
ആവശ്യമായ പെർമിറ്റുകൾ ഇല്ലാതെ വിലക്കപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെ വൻ തുക പിഴയും മറ്റ് നിയമനടപടികളും സ്വീകരിക്കുമെന്ന് പാരിസ്ഥിതിക അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒമാന്റെ പ്രകൃതിസമ്പത്ത് വരും തലമുറയ്ക്കായി നിലനിർത്താനും പരിസ്ഥിതി സൗഹൃദപരമായ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനും ഈ പുതിയ നടപടി ഏറെ സഹായകരമാകും.
Content Highlights: Oman introduces new regulations across six nature reserves, requiring permits for camping, photography and other activities, with fines of up to RO 1,000.