ഒമാനും ബ്രൂണെയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ നിർണ്ണായക വഴിത്തിരിവ്. നയതന്ത്ര, സേവന, ഔദ്യോഗിക പാസ്പോർട്ടുകൾ കൈവശമുള്ളവർക്ക് പരസ്പരം വിസ ഇളവുകൾ നൽകുന്ന ചരിത്രപരമായ കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖിന്റെ ബ്രൂണെ ഔദ്യോഗിക സന്ദർശനത്തിനിടെയാണ് ഈ സുപ്രധാന കരാറുകൾ നിലവിൽ വന്നത്.
ബ്രൂണെയിലെ ഇസ്താന നൂറുൽ ഈമാൻ കൊട്ടാരത്തിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരീഖും ബ്രൂണെ സുൽത്താൻ ഹാജി ഹസ്സനൽ ബോൾക്കിയയും പങ്കെടുത്തു. വിസ ഇളവ് കരാറിന് പുറമെ തൊഴിൽ, മാനവ വിഭവശേഷി വികസനം, ആരോഗ്യം, സാമ്പത്തികം, തന്ത്രപരമായ ആസൂത്രണം, കൃഷി, മത്സ്യബന്ധനം എന്നീ സുപ്രധാന മേഖലകളിലെ സഹകരണത്തിനായുള്ള ധാരണാപത്രങ്ങളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര-നിക്ഷേപ സഹകരണം കൂടുതൽ ശക്തിപ്പെടുത്തണമെന്ന് സുൽത്താൻ ഹൈതം ബിൻ താരീഖ് ചർച്ചയിൽ ആഹ്വാനം ചെയ്തു. ഒമാനും ബ്രൂണെയും തമ്മിലുള്ള വ്യാപാര ബന്ധം നിലവിൽ അതിന്റെ പൂർണ്ണ ശേഷിയിൽ എത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം എണ്ണ-പ്രകൃതിവാതകം, പുനരുപയോഗ ഊർജ്ജം, ഭക്ഷ്യസുരക്ഷ, സമുദ്ര ഗതാഗതം, ലോജിസ്റ്റിക്സ് എന്നീ മേഖലകളിൽ പങ്കാളിത്തം ശക്തമാക്കാമെന്ന് വ്യക്തമാക്കി. ബ്രൂണെ രാജകുടുംബാംഗങ്ങളും ഒമാൻ ഔദ്യോഗിക പ്രതിനിധി സംഘവും ചർച്ചകളുടെ ഭാഗമായി.
വിശാലമായ ഏഷ്യൻ വിപണികളിലേക്കുള്ള തന്ത്രപ്രധാനമായ കവാടമായാണ് ഒമാൻ ബ്രൂണെയെ കാണുന്നതെന്ന് സുൽത്താൻ ഹൈതം കൂട്ടിച്ചേർത്തു. അതേസമയം, ഗൾഫ് മേഖലയെയും മിഡിൽ ഈസ്റ്റിനെയും ആഫ്രിക്കയെയും ബന്ധിപ്പിക്കുന്ന ഒമാന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം ബ്രൂണെയുടെ വ്യാപാര മുന്നേറ്റങ്ങൾക്കും വലിയ രീതിയിൽ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Content Highlights: Oman and Brunei sign a mutual visa exemption agreement for diplomatic and official passport holders, while elevating bilateral relations to a strategic partnership