ചൈനയും ഒമാനും തമ്മിലുള്ള നയതന്ത്ര-തന്ത്രപ്രധാന ബന്ധങ്ങൾ കൂടുതൽ ആഴത്തിലുള്ളതാക്കാൻ ഇരു രാജ്യങ്ങളും ധാരണയിലെത്തി. ബീജിംഗിൽ ഒമാൻ സുൽത്താൻ ഹൈത്തം ബിൻ താരിക്കുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ഇരുകൂട്ടരും തമ്മിലുള്ള സഹകരണം പുതിയൊരു ചരിത്രപരമായ ഘട്ടത്തിലാണെന്ന് വ്യക്തമാക്കിയത്. ഒമാനുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നത് ഇരു രാജ്യങ്ങൾക്കും പൊതുവായ തന്ത്രപരമായ നീക്കമാണെന്നും സന്ദർശന വേളയിൽ ഷി ജിൻപിംഗ് അഭിപ്രായപ്പെട്ടു.
സുൽത്താൻ ഹൈത്തം ബിൻ താരിക്കിന്റെ ചരിത്രപരമായ രണ്ട് ദിവസത്തെ ചൈന സന്ദർശനവേളയിലാണ് സുപ്രധാന കൂടിക്കാഴ്ച നടന്നത്. 1978-ൽ ഇരു രാജ്യങ്ങളും തമ്മിൽ ഔദ്യോഗികമായി നയതന്ത്ര ബന്ധം സ്ഥാപിച്ചതിന് ശേഷം ഇതാദ്യമായാണ് ഒമാൻ രാഷ്ട്രത്തലവൻ ചൈന സന്ദർശിക്കുന്നത്. ഒമാനും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിൽ സഹകരണം വിപുലമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ ഔദ്യോഗിക സന്ദർശനം.
ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം മുൻപോട്ട് കൊണ്ടുപോകാൻ ഒമാൻ ഭരണാധികാരിക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ താൻ തയ്യാറാണെന്ന് കൂടിക്കാഴ്ചയുടെ ആരംഭത്തിൽ പ്രസിഡന്റ് ഷി പറഞ്ഞു. ചൈനയും ഒമാനും തമ്മിലുള്ള അടുത്ത സഹകരണം ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് വലിയ ഗുണം ചെയ്യുമെന്നും ഗൾഫ് മേഖലയിലെ സമാധാനം, സ്ഥിരത, സാമ്പത്തിക സമൃദ്ധി എന്നിവയ്ക്ക് ഇത് വഴിതുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Oman's Sultan Haitham bin Tarik visits China for the first time in 48 years of diplomatic relations, strengthening strategic ties and economic cooperation.