ജനനനിരക്കിൽ 39 ശതമാനം ഇടിവ്; പ്രതിസന്ധി മറികടക്കാൻ കുടുംബങ്ങൾക്ക് ആനുകൂല്യ പ്രഖ്യാപനങ്ങളുമായി ഒമാൻ

ജോലിയും കുടുംബജീവിതവും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകാൻ സ്ത്രീകളെ സഹായിക്കുന്ന നയങ്ങൾ നടപ്പിലാക്കണമെന്നും നിർദേശമുണ്ട്

ഒമാനിൽ ജനനനിരക്ക് കഴിഞ്ഞ പത്ത് വർഷത്തിനിടെ 39 ശതമാനം കുറഞ്ഞതായി റിപ്പോർട്ട്. 2015-ൽ ആയിരം പേർക്ക് 34 ജനനങ്ങൾ എന്ന നിരക്കിലായിരുന്നത് 2025-ഓടെ 20.8 ആയി കുത്തനെ കുറഞ്ഞു. നാഷണൽ ബയോഎത്തിക്സ് കമ്മിറ്റിയുടെ ഇന്റലക്ച്വൽ ഫോറത്തിലാണ് ഈ ആശങ്കാജനകമായ കണക്കുകൾ പുറത്തുവിട്ടത്. ജനനനിരക്കിലുണ്ടാകുന്ന ഈ കുറവ് രാജ്യത്തിന്റെ സാമ്പത്തിക വളർച്ച, ആരോഗ്യരംഗം, തലമുറകൾ തമ്മിലുള്ള സന്തുലിതാവസ്ഥ എന്നിവയെ ദീർഘകാലാടിസ്ഥാനത്തിൽ പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഈ സാഹചര്യം നേരിടുന്നതിനായി 'ഒമാൻ വിഷൻ 2040' പദ്ധതിയുടെ ഭാഗമായി കുടുംബ സ്ഥിരതയും ജനനനിരക്ക് വർധിപ്പിക്കുന്നതിനുള്ള നടപടികളും ഉൾപ്പെടുത്തണമെന്ന് ഫോറം ആവശ്യപ്പെട്ടു. കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് കുട്ടികളുടെ എണ്ണത്തിനനുസരിച്ച് പ്രത്യേക സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുക, കുറഞ്ഞ ചെലവിൽ വീടുകൾ ലഭ്യമാക്കുക, പലിശരഹിത വായ്പകൾ അനുവദിക്കുക തുടങ്ങിയ നിർദേശങ്ങൾ ഇതിന്റെ ഭാഗമായി പരിഗണനയിലുണ്ട്.

വിവാഹിതരാകുന്നവർക്ക് സാമ്പത്തിക പിന്തുണ നൽകുന്നതിനായി സ്വകാര്യ മേഖലയുമായി സഹകരിച്ച് പ്രത്യേക എൻഡോവ്മെന്റ് ഫണ്ട് രൂപീകരിക്കാനും നിലവിലുള്ള വിവാഹ സഹായങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കാനും ഫോറത്തിൽ അഭിപ്രായമുയർന്നു. അതോടൊപ്പം, വിവാഹത്തിന് മുന്നോടിയായി ദമ്പതികൾക്ക് ആവശ്യമായ കൗൺസലിങ് നൽകേണ്ടതിന്റെ പ്രാധാന്യവും യോഗം ചൂണ്ടിക്കാണിച്ചു.

ജോലിയും കുടുംബജീവിതവും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകാൻ സ്ത്രീകളെ സഹായിക്കുന്ന നയങ്ങൾ നടപ്പിലാക്കണമെന്നും നിർദേശമുണ്ട്. പ്രസവാവധി ദീർഘിപ്പിക്കുക, ജോലിസ്ഥലങ്ങളിൽ ശിശുപരിചരണ കേന്ദ്രങ്ങൾ (ഡേ കെയർ) ഒരുക്കുക, അമ്മമാർക്കായി ഇളവുകളുള്ള വിരമിക്കൽ വ്യവസ്ഥകൾ കൊണ്ടുവരിക എന്നിവ ഇതിൽ ഉൾപ്പെടുന്നു. പഠനമോ ജോലിയോ ഉപേക്ഷിക്കാതെ തന്നെ പ്രസവവും കുഞ്ഞുങ്ങളുടെ പരിപാലനവും സുഗമമാക്കുകയാണ് ഈ പരിഷ്കാരങ്ങളിലൂടെ രാജ്യ ലക്ഷ്യമിടുന്നത്.

Content Highlights: Oman has announced new benefits for families amid a reported 39 percent decline in the country’s birth rate

To advertise here,contact us