സൂര്യ കൃഷ്ണമൂര്‍ത്തി അനുസ്മരണം സംഘടിപ്പിച്ച് മസ്കറ്റിലെ ഭാവലയ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍

സൂര്യ കൃഷ്ണമൂര്‍ത്തിയുടെ സുഹൃത്തുക്കളും ആരാധകരും ഉള്‍പ്പെടെ നിരവധി പേര്‍ അനുസ്മരണ യോഗത്തില്‍ പങ്കെടുത്തു

പ്രമുഖ മലയാള നാടകപ്രവര്‍ത്തകനും എഴുത്തുകാരനുമായ സൂര്യ കൃഷ്ണമൂര്‍ത്തിയുടെ വിയോഗത്തിൽ അനുസ്മരണം സംഘടിപ്പിച്ച് മസ്‌കറ്റിലെ സാംസ്‌കാരിക സംഘടനയായ ഭാവലയ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍. ചെയര്‍മാന്‍ ഡോ. ജെ രത്‌നകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭാരവാഹികളായ അരുണ്‍കുമാര്‍ മേലേതില്‍, രാജന്‍ വി കൊക്കൂരിയൂം, നിഷ, ഗംഗേഷ് വടക്കേതില്‍, മാധ്യമപ്രവര്‍ത്തക ലക്ഷ്മി കോത്താനത് എന്നിവരും പങ്കുചേര്‍ന്നു.

കലാരംഗത്തും സാംസ്‌കാരികരംഗത്തും സൂര്യ കൃഷ്ണമൂര്‍ത്തി നല്‍കിയ ശ്രദ്ധേയമായ സംഭാവനകളെ കുറിച്ച് ഡോ. രത്നകുമാര്‍ അനുസ്മരിച്ചു. സൂര്യ കൃഷ്ണമൂര്‍ത്തിയുടെ സുഹൃത്തുക്കളും ആരാധകരും ഉള്‍പ്പെടെ നിരവധി പേര്‍ അനുസ്മരണ യോഗത്തില്‍ പങ്കെടുത്തു.

കഴിഞ്ഞ ബുധനാഴ്ചയാണ് തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചത്. സൂര്യ സ്റ്റേജ് ആന്‍ഡ് ഫിലിം സൊസൈറ്റിയുടെ സ്ഥാപകന്‍ കൂടിയാണ്. നാടകത്തിനും ലൈറ്റ്-ആന്‍ഡ്-സൗണ്ട് അവതരണങ്ങള്‍ക്കും നല്‍കിയ സംഭാവനകളിലൂടെ ശ്രദ്ധേയനാണ്. നടരാജ കൃഷ്ണമൂര്‍ത്തിയെന്നാണ് യഥാര്‍ത്ഥ പേര്.

1977ല്‍ സൂര്യ സ്റ്റേജ് ആന്‍ഡ് ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ആരംഭിച്ച ലോകപ്രശസ്തമായ സൂര്യ ഫെസ്റ്റിവല്ലിന്റെ അമരക്കാരന്‍ എന്ന നിലയിലാണ് സൂര്യ കൃഷ്ണമൂര്‍ത്തി മലയാളികളുടെ കലാ സൂര്യനായി ലോകത്തിന് മുന്നില്‍ ജ്വലിച്ചുയര്‍ന്നത്.

എഞ്ചിനീയറിങ് ബിരുദധാരിയായിരുന്ന സൂര്യ കൃഷ്ണമൂര്‍ത്തി ഐഎസ്ആര്‍ഒയില്‍ ശാസ്ത്രജ്ഞനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1972ല്‍ ഐഎസ്ആര്‍ഒയില്‍ ശാസ്ത്രജ്ഞനായി ജോലിക്ക് ചേര്‍ന്ന സൂര്യ കൃഷ്ണമൂര്‍ത്തി സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കായി സ്വമേധയാ വിരമിക്കുകയായിരുന്നു. സീനിയര്‍ സയന്റിസ്റ്റായാണ് വിരമിച്ചത്. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ കീഴില്‍ ഐഎസ്ആര്‍ഒയില്‍ 27 വര്‍ഷം സൂര്യ കൃഷ്ണമൂര്‍ത്തി പ്രവര്‍ത്തിച്ചു.

കേരള സംഗീത നാടക അക്കാദമിയുടെ മുന്‍ ചെയര്‍മാന്‍ കേരള സംസ്ഥാന ഫിലിം ഡവലെപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ മുന്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നാടക സംവിധാനത്തിനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ സൂര്യ കൃഷ്ണമൂര്‍ത്തി കേന്ദ്ര-സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറികളില്‍ അംഗമായിരുന്നു സൂര്യ കൃഷ്ണമൂര്‍ത്തി. ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോകളെ കേരളത്തില്‍ ജനകീയമാക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ച കലാകാരനായിരുന്നു സൂര്യ കൃഷ്ണമൂര്‍ത്തി. സൂര്യ ഫെസ്റ്റിവല്‍ ഉള്‍പ്പെടെയുള്ള സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കലാരംഗത്തെ സംഭാവനകള്‍ക്ക് കേരള പ്രഭ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും ബഹുമതികളും ലഭിച്ചിട്ടുണ്ട്.

Content Highlights: Bhavalaya Arts and Cultural Foundation, a cultural organization based in Muscat, organized a memorial gathering to remember renowned Malayalam theatre personality and writer Surya Krishnamoorthy

To advertise here,contact us