കടലാമകളെ ശല്യം ചെയ്ത വീഡിയോ വെെറൽ; ഒമാനിൽ ടൂറിസ്റ്റിനെതിരെ നിയമനടപടി സ്വീകരിച്ചു

കടലാമകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനുമായി അവയെ തൊടുകയോ അടുത്തേക്ക് പോകുകയോ ശല്യം ചെയ്യുകയോ ചെയ്യരുതെന്ന് എൻവയോൺമെന്റ് അതോറിറ്റി മുന്നറിയിപ്പ് നൽകി

കടലാമകളെ ശല്യം ചെയ്യുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് ഒമാനിൽ ടൂറിസ്റ്റിനെതിരെ നിയമനടപടി സ്വീകരിച്ചു. റാസ് അൽ ഹദ്ദ് പ്രദേശത്താണ് സംഭവം. ഒമാനിലെ എൻവയോൺമെന്റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട ഒമാനിലെ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന നടപടിയാണ് ടൂറിസ്റ്റിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച വീഡിയോ നിരീക്ഷിച്ചതിന് പിന്നാലെയാണ് അധികൃതർ നടപടി സ്വീകരിച്ചത്.

കടലാമകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനുമായി അവയെ തൊടുകയോ അടുത്തേക്ക് പോകുകയോ ശല്യം ചെയ്യുകയോ ചെയ്യരുതെന്ന് എൻവയോൺമെന്റ് അതോറിറ്റി മുന്നറിയിപ്പ് നൽകി. വന്യജീവി സംരക്ഷണം എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്നും യുഎഇ പൗരന്മാരും താമസക്കാരും ടൂറിസ്റ്റുകളും കടലാമകളുടെ കൂടുകൂട്ടുന്ന പ്രദേശങ്ങളിലെ നിയമങ്ങളും മാർഗനിർദേശങ്ങളും പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

വന്യജീവികൾക്ക് ദോഷം വരുത്തുന്നതോ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയാകുന്നതോ ആയ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണമെന്നും നിർദേശമുണ്ട്. ഒമാനിലെ പ്രാദേശിക മാധ്യമങ്ങൾ ബോധവത്കരണത്തിന്റെ ഭാഗമായി പങ്കുവെച്ച വീഡിയോയിൽ ടൂറിസ്റ്റ് ഒരു കടലാമയുടെ പുറത്ത് ഇരിക്കുകയും ശരീരത്തിലെ പേശികൾ പ്രദർശിപ്പിക്കുകയും മറ്റൊരു കുഞ്ഞു കടലാമയെ കൈയിൽ പിടിക്കുകയും ചെയ്യുന്നതായി കാണിക്കുന്നുണ്ട്.

ഒമാനിലെ ഷർഖിയ മേഖലയിലെ സൂർ വിലായത്തിൽ സ്ഥിതി ചെയ്യുന്ന റാസ് അൽ ഹദ്ദ് മസ്‌കത്തിൽ നിന്ന് ഏകദേശം 350 കിലോമീറ്റർ അകലെയാണ്. ജൂൺ മുതൽ ഒക്ടോബർ വരെയുള്ള വേനൽക്കാലത്ത് ഇവിടെ ഏകദേശം 6,000 മുതൽ 12,000 വരെ കടലാമകൾ മുട്ടയിടാനെത്തുന്നുണ്ട്. വിവിധ ഇനങ്ങളിലുള്ള കടലാമകളെ ഇവിടെ കാണാൻ സാധിക്കും. ഗ്രീൻ ടർട്ടിൽ, ഒലീവ് റിഡ്‌ലി, ഹോക്സ്ബിൽ, ലോഗർഹെഡ് എന്നിവയാണ് പ്രധാനമായും എത്തുന്നത്. ഒമാൻ തീരത്തോട് ചേർന്നുള്ള കടലുകളിൽ ലെതർബാക്ക് ഇനത്തെയും കാണാറുണ്ട്.

റാസ് അൽ ഹദ്ദിൽ സാധാരണയായി കാണപ്പെടുന്ന ഗ്രീൻ ടർട്ടിലുകൾ കടൽപ്പുല്ല്, കടൽസസ്യങ്ങൾ, ആൽഗകൾ എന്നിവയാണ് പ്രധാനമായും ഭക്ഷണമാക്കുന്നത്. ജീവിതത്തിന്റെ ഭൂരിഭാഗവും കടലിൽ ചെലവഴിക്കുന്ന കടലാമകൾ മുട്ടയിടുന്നതിനായി വേനൽക്കാലത്ത് കരയിലേക്ക് തിരിച്ചെത്തുന്നു.

Content Highlights: Oman’s Environment Authority has taken legal action against a tourist after a viral video showed him disturbing sea turtles at a nesting site in Ras Al Hadd.

To advertise here,contact us