ഹിജ്റ വർഷം 1448-ലെ വിശുദ്ധ ഹജ്ജ് കർമ്മത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷന് ഒമാനിൽ ഇന്ന് തുടക്കമായി. ഔഖാഫ് മതകാര്യ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ നടക്കുന്ന രജിസ്ട്രേഷൻ നടപടികളിൽ ഒമാൻ പൗരന്മാർക്കും രാജ്യത്ത് താമസിക്കുന്ന പ്രവാസികൾക്കും പങ്കാളികളാകാം. ഒക്ടോബർ 11 വരെ ‘hajj.om’ (ഹജ്ജ്.ഒഎം) എന്ന ഔദ്യോഗിക പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാമെന്ന് അധികൃതർ അറിയിച്ചു.
അപേക്ഷകൾ പരിശോധിച്ച് അർഹത നേടുന്നവർക്ക് തങ്ങൾക്ക് താൽപ്പര്യമുള്ള അംഗീകൃത ഹജ്ജ് ഗ്രൂപ്പുകളെ ഇലക്ട്രോണിക് സംവിധാനം വഴി തന്നെ നേരിട്ട് തിരഞ്ഞെടുക്കാവുന്നതാണ്. എന്നാൽ, ഈ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഹജ്ജ് കമ്പനികൾ നേരിട്ട് ഇടപെടുന്നതിന് മന്ത്രാലയം കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പോർട്ടലിലൂടെ കമ്പനിയെ തിരഞ്ഞെടുത്ത ശേഷം നിശ്ചിത തുക ഓൺലൈനായി അടയ്ക്കേണ്ടതുണ്ട്. ഈ ഓൺലൈൻ തിരഞ്ഞെടുപ്പ് അപേക്ഷകനും കമ്പനിക്കും ഒരുപോലെ ബാധകമായ നിയമപരമായ കരാറായി പരിഗണിക്കും. സമയബന്ധിതമായി പണമടയ്ക്കാത്ത അപേക്ഷകൾ റദ്ദാക്കാൻ മന്ത്രാലയത്തിന് പൂർണ്ണ അധികാരമുണ്ടായിരിക്കും.
വ്യക്തമായ തിയതികളും നിബന്ധനകളും മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. അപേക്ഷാ തീയതിക്ക് മുമ്പോ ശേഷമോ സമർപ്പിക്കുന്ന അപേക്ഷകളും ആവശ്യമായ രേഖകളില്ലാത്തവയും യാതൊരു കാരണവശാലും പരിഗണിക്കുകയില്ല. ആദ്യഘട്ടത്തിൽ യോഗ്യത നേടുന്നവരെ വിവരമറിയിക്കുന്നതിനും കമ്പനി തിരഞ്ഞെടുക്കുന്നതിനുമായി ഒക്ടോബർ 21 മുതൽ നവംബർ 11 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. തുടർന്നുള്ള രണ്ടാം ഘട്ടം നവംബർ 16 മുതൽ 22 വരെയും മൂന്നാം ഘട്ടം നവംബർ 24 മുതൽ 27 വരെയും നടക്കും.
ഹജ്ജ് യാത്രാ അപേക്ഷകൾ പിൻവലിക്കാനോ റദ്ദാക്കാനോ ആഗ്രഹിക്കുന്നവർക്ക് അടുത്ത വർഷം ഫെബ്രുവരി 27 വരെ അതിനുള്ള അവസരമുണ്ടായിരിക്കും. അടുത്ത വർഷം മെയ് 12 ആയിരിക്കും ഒമാനിൽ നിന്ന് വിമാനമാർഗ്ഗം തീർത്ഥാടകർ ഹജ്ജിനായി പുറപ്പെടുന്ന അവസാന തീയതിയെന്നും ഔഖാഫ് മതകാര്യ മന്ത്രാലയം വ്യക്തമാക്കി.
Content Highlights: Hajj registration in Oman for the 1448H season has begun today, September 28. Both Omani citizens and eligible expatriate residents can submit applications through the electronic Hajj registration system until October 11.