അന്താരാഷ്ട്ര തർക്കങ്ങളും സംഘർഷങ്ങളും പരിഹരിക്കാൻ സൈനിക ശക്തി ഉപയോഗിക്കരുതെന്ന് യുഎൻ പൊതുസഭയിൽ ആവശ്യപ്പെട്ട് ഒമാൻ. ബലപ്രയോഗത്തിന് പകരം വേണ്ടത് സമാധാനപരമായ ചർച്ചകളാണെന്ന് ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദി. ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ രാജ്യങ്ങളും സഹകരിക്കണമെന്നും ഒമാൻ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു.
രാജ്യങ്ങളുടെ പരമാധികാരത്തെ മാനിച്ചുകൊണ്ടുള്ള നയതന്ത്ര ചർച്ചകളിലൂടെ മാത്രമേ ആഗോള സുരക്ഷ ഉറപ്പാക്കാൻ കഴിയൂ. പശ്ചിമേഷ്യൻ മേഖലയിൽ ഒഴിവാക്കാമായിരുന്നു ഒരു യുദ്ധമാണ് ഉണ്ടായത്. അത് അന്താരാഷ്ട്ര വിപണിയെയും സുരക്ഷയെയും സാരമായി ബാധിച്ചു. അന്താരാഷ്ട്ര നിയമങ്ങളും യുഎൻ ചാർട്ടറും പാലിക്കാൻ എല്ലാ രാജ്യങ്ങളും തയ്യാറാകണമെന്ന് ഒമാൻ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു.
ലോകത്തിലെ ഊർജ്ജ ഗതാഗതത്തിൽ നിർണ്ണായകമായ ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. മേഖലയിലെ പ്രാദേശിക സുരക്ഷയ്ക്കായി ജിസിസി അയൽരാജ്യങ്ങൾക്ക് ഒമാൻ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.
യെമനിലെ പ്രതിസന്ധികൾക്ക് ഐക്യവും ഐശ്വര്യവും ഉറപ്പാക്കുന്ന രാഷ്ട്രീയ പരിഹാരമാണ് ഉണ്ടാകേണ്ടത്. ആഗോളതലത്തിൽ സമാധാനവും സാമ്പത്തിക പുരോഗതിയും കൈവരിക്കാൻ ആത്മസംയമനത്തോടെയുള്ള നയതന്ത്ര ചർച്ചകളാണ് അനിവാര്യമെന്നും വിദേശകാര്യ മന്ത്രി ഓർമ്മിപ്പിച്ചു.
വികസന കാഴ്ചപ്പാടായ 'ഒമാൻ വിഷൻ 2040' മുന്നോട്ട് കൊണ്ടുപോകുന്നതിനൊപ്പം ശൂറ കൗൺസിലിൽ സ്ത്രീകൾക്കായി കൂടുതൽ സീറ്റുകൾ അനുവദിച്ച് സ്ത്രീ ശാക്തീകരണം ഉറപ്പാക്കുമെന്നും അൽ ബുസൈദി വ്യക്തമാക്കി.
Content Highlights: Oman has emphasised dialogue as an important way to bring international peace. Speaking at the UN General Assembly, the country highlighted diplomacy, cooperation and mutual understanding.