ഒമാന്റെ ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ വിദേശ യാത്രക്കാർക്കായി ആകർഷകമായ പുതിയ 'ഗ്ലോബൽ സെയിൽ' ഓഫറുകൾ പ്രഖ്യാപിച്ചു. പ്രഖ്യാപനം അനുസരിച്ച്, ഒമാൻ എയറിന്റെ വിവിധ അന്താരാഷ്ട്ര റൂട്ടുകളിലേക്ക് വെറും 35 ഒമാനി റിയാൽ മുതലുള്ള കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ സാധിക്കും. വരും ദിവസങ്ങളിൽ യാത്ര പ്ലാൻ ചെയ്യുന്നവർക്ക് ഏറെ ആശ്വാസകരമാണ് ഈ പ്രഖ്യാപനം.
ഒക്ടോബർ ഒന്നു വരെ മാത്രമാണ് ടിക്കറ്റുകൾ കുറഞ്ഞ നിരക്കിൽ ബുക്ക് ചെയ്യാനുള്ള അവസരം ലഭിക്കുക. ഈ കാലയളവിൽ ടിക്കറ്റ് എടുക്കുന്നവർക്ക് 2026 നവംബർ ഒന്നു മുതൽ 2027 മാർച്ച് എട്ടു വരെയുള്ള തീയതികളിൽ യാത്ര ചെയ്യാവുന്നതാണ്. പ്രവാസി മലയാളി കുടുംബങ്ങൾക്കും അവധിക്കാല യാത്രകൾ പ്ലാൻ ചെയ്യുന്നവർക്കും ഈ ഓഫർ വലിയ രീതിയിൽ പ്രയോജനപ്പെടും.
ഇക്കണോമി, ബിസിനസ് ക്ലാസുകളിലെ വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് ഈ ഓഫർ ആനുകൂല്യം ലഭ്യമാണ്. കൂടാതെ, അധികമായി കൊണ്ടുപോകുന്ന ബാഗേജിന്റെ ചാർജിൽ 50 ശതമാനം വരെ ഇളവും, ഇഷ്ടമുള്ള സീറ്റുകൾ തിരഞ്ഞെടുക്കുന്നതിന് 10 ശതമാനം വരെ ഇളവും യാത്രക്കാർക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
എന്നാൽ ഇന്റർലൈൻ, കോഡ്ഷെയർ സർവീസുകൾക്ക് ഈ നിരക്കുകൾ ബാധകമായിരിക്കില്ല. ഓരോ റൂട്ടിലെയും ടിക്കറ്റ് നിരക്കുകളും മറ്റ് നിബന്ധനകളും ബുക്ക് ചെയ്യുന്ന സമയത്ത് കൃത്യമായി പരിശോധിക്കണമെന്ന് ഒമാൻ എയർ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: Oman Air has announced its Global Sale, offering discounted airfares on selected flights. The promotion is aimed at travellers, including expatriates, looking for lower-cost flight options. The offer applies to eligible routes and travel dates specified by the airline, with fares and availability subject to the terms of the sale.