ഒമാനിലെ ആ​കാശപ്രേമികൾക്ക് ആവേശം; വീനസ് ​ഗ്രഹത്തെ ഇന്ന് പൂർണ്ണശോഭയിൽ കാണാം

നഗ്നനേത്രങ്ങൾ കൊണ്ട് തന്നെ ഈ അപൂർവ്വ വിസ്മയം വളരെ വ്യക്തമായി കാണാൻ സാധിക്കും

ഒമാന്റെ ആകാശത്ത് അപൂർവ്വമായ വിസ്മയ കാഴ്ചയൊരുക്കി ശുക്രഗ്രഹം (Venus) ഇന്ന് വൈകുന്നേരം വലിയ തിളക്കത്തിൽ ദൃശ്യമാകും. സാധാരണയുള്ളതിനേക്കാൾ ഏറെ വെളിച്ചം പുറപ്പെടുവിക്കുന്നതിനാൽ ആകാശപ്രേമികൾക്ക് നഗ്നനേത്രങ്ങൾ കൊണ്ട് തന്നെ ഈ അപൂർവ്വ വിസ്മയം വളരെ വ്യക്തമായി കാണാൻ സാധിക്കും.

ഏകദേശം മൈനസ് 4.8 തിളക്കത്തോടെയാണ് ശുക്രനെ കാണാൻ സാധിക്കുക. രാത്രി കാലങ്ങളിൽ ആകാശത്തിലെ ഏറ്റവും തിളക്കമുള്ള ഗ്രഹവും സൂര്യനും ചന്ദ്രനും കഴിഞ്ഞാൽ ഭൂമിയിൽ നിന്ന് കാണാൻ കഴിയുന്ന ഏറ്റവും ശോഭയുള്ള മൂന്നാമത്തെ ഗോളവുമാണ് ശുക്രൻ. പ്രകാശ മലിനീകരണമുള്ള നഗരപ്രദേശങ്ങളിൽ നിന്ന് പോലും ശുക്രനെ വളരെ വ്യക്തമായി കാണാൻ സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. ഭൂമിയോടുള്ള അടുപ്പവും സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന കട്ടിയുള്ള അന്തരീക്ഷവുമാണ് ശുക്രന് ഈ അസാധാരണ പ്രഭ നൽകുന്നത്.

ഭൂമിക്കും സൂര്യനും ഇടയിലൂടെ ഭ്രമണം ചെയ്യുന്നതിനാൽ ചന്ദ്രനെപ്പോലെ പല ഘട്ടങ്ങളിലൂടെയാണ് ശുക്രൻ കടന്നുപോകുന്നത്. ടെലിസ്കോപ്പിലൂടെ നോക്കുന്നവർക്ക് പൂർണ്ണരൂപത്തിലല്ലാതെ ഒരു നേർത്ത അർദ്ധചന്ദ്രന്റെ രൂപത്തിലാകും ശുക്രനെ കാണാൻ സാധിക്കുക. വരും ആഴ്ചകളിലും സൂര്യാസ്തമയത്തിന് ശേഷം പടിഞ്ഞാറൻ ആകാശത്ത് ശുക്രൻ ദൃശ്യമാകും. എങ്കിലും ക്രമേണ സൂര്യന്റെ അടുത്തേക്ക് നീങ്ങുന്നതിനാൽ ശുക്രനെ ഇന്നത്തെ അത്ര തന്നെ ശോഭയോടെ കാണാൻ കഴിയില്ല.

ഒക്ടോബർ 24-ഓടെ ശുക്രൻ ഭൂമിക്കും സൂര്യനും ഇടയിലൂടെ കടന്നുപോകുന്ന ഘട്ടത്തിലെത്തുകയും സൂര്യപ്രകാശത്തിന്റെ ആധിക്യം കാരണം കാണാൻ സാധിക്കാതെ വരികയും ചെയ്യും. പിന്നീട് കുറച്ചു ദിവസങ്ങൾക്ക് ശേഷം പുലർച്ചെ 'പ്രഭാത നക്ഷത്രമായി' (Morning Star) ശുക്രൻ വീണ്ടും പ്രത്യക്ഷപ്പെടും. നിരീക്ഷണത്തിന് പ്രത്യേക ഉപകരണങ്ങളുടെ ആവശ്യമില്ലെങ്കിലും പടിഞ്ഞാറൻ ചക്രവാളം വ്യക്തമായി കാണാൻ സാധിക്കുന്ന സ്ഥലങ്ങൾ തിരഞ്ഞെടുക്കണമെന്ന് ഒമാൻ അസ്ട്രോണമി ആൻഡ് സ്‌പേസ് സൊസൈറ്റിയിലെ ഭാരവാഹി വിസാൽ ബിൻത് സലേം അൽ ഹിനായ് വ്യക്തമാക്കി പൊതുജനങ്ങളെ അറിയിച്ചു.

Content Highlights: Venus will shine at its maximum brilliance over Oman today, September 22, appearing as a strikingly bright point in the western evening sky. The planet can be observed without special equipment, while a telescope can reveal its crescent phase.

To advertise here,contact us