ഒമാനിൽ വിദേശ നിക്ഷേപകർക്ക് വലിയ ഇളവുകൾ; പുതിയ നിക്ഷേപ നയങ്ങൾ പ്രഖ്യാപിച്ചു

റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് പുതിയ ചട്ടങ്ങൾ വലിയ ഉണർവ്വേകും

ഒമാനിലെ പ്രത്യേക സാമ്പത്തിക, സ്വതന്ത്ര മേഖലകളിൽ വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ ഭേദഗതികളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ഒമാൻ ഭരണകൂടം. ലൈസൻസിംഗ് നടപടികൾ ലളിതമാക്കൽ, ഭൂമി അനുവദിക്കൽ, വിദേശികൾക്ക് വസ്തുവകകളിൽ പൂർണ്ണ ഉടമസ്ഥാവകാശം നൽകൽ, നിക്ഷേപകരുടെ താമസം, റിയൽ എസ്റ്റേറ്റ് വികസനം എന്നിവ ഉൾപ്പെടുന്ന സമഗ്രമായ നിർദ്ദേശങ്ങളാണ് പുതിയ ഉത്തരവിലുള്ളത്.

വ്യാപാരികൾക്ക് ഭൂമി അനുവദിക്കുന്നത് മുതൽ ലൈസൻസ് നേടൽ, നിക്ഷേപങ്ങൾക്കുള്ള ആനുകൂല്യങ്ങൾ, നികുതി ഇളവുകൾ, റിയൽ എസ്റ്റേറ്റ് വികസനം തുടങ്ങി നിക്ഷേപ പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളെയും ലളിതമാക്കാൻ ഈ ഭേദഗതിയിലൂടെ സാധിക്കും. രാജ്യത്തെ നിക്ഷേപ അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്താനും ആഗോളതലത്തിൽ ഒമാന്റെ സ്വതന്ത്ര മേഖലകളെ കൂടുതൽ ആകർഷകമാക്കാനും പുതിയ പരിഷ്കാരങ്ങൾ സഹായിക്കുമെന്ന് ഒപാസ് ചെയർമാൻ ഖൈസ് ബിൻ മുഹമ്മദ് അൽ യൂസഫ് പറഞ്ഞു. പുതിയ നയം വഴി നിക്ഷേപകർക്ക് കൂടുതൽ വ്യക്തതയും വേഗതയേറിയ സേവനങ്ങളും ലഭ്യമാകും. 'വൺ സ്റ്റോപ്പ് ഷോപ്പ്' എന്ന ഏകജാലക സംവിധാനം വഴി ലൈസൻസുകൾ, അനുമതികൾ, സാക്ഷ്യപത്രങ്ങൾ എന്നിവയെല്ലാം പൂർണ്ണമായും ഡിജിറ്റലായി ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് പുതിയ ചട്ടങ്ങൾ വലിയ ഉണർവ്വേകും. യോഗ്യതയുള്ള വികസന പദ്ധതികളിൽ വിദേശികൾക്ക് വസ്തുവകകളുടെ പൂർണ്ണ ഉടമസ്ഥാവകാശം സ്വന്തമാക്കാൻ അനുമതി നൽകുന്നുണ്ട്. കൂടാതെ, നിക്ഷേപകർക്കും വസ്തു ഉടമകൾക്കും അവരുടെ പങ്കാളികൾക്കും ഒന്നാം ഘട്ട ബന്ധുക്കൾക്കും രാജ്യത്ത് റസിഡൻസി പെർമിറ്റ് ലഭിക്കാനും വ്യവസ്ഥയുണ്ട്.

അതേസമയം, റിയൽ എസ്റ്റേറ്റ് വാങ്ങുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ മുൻകരുതലുകളും ഏർപ്പെടുത്തിയിട്ടുണ്ട്. ഡെവലപ്പർമാർ വിൽപനയ്‌ക്ക് മുൻപ് പാലിക്കേണ്ട സാമ്പത്തിക, സാങ്കേതിക നിബന്ധനകളും നിർമ്മാണ തുക കൃത്യമായി വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രത്യേക 'എസ്‌ക്രോ അക്കൗണ്ട്' സംവിധാനവും നിർബന്ധമാക്കിയിട്ടുണ്ട്. ആഗോള, പ്രാദേശിക നിക്ഷേപകരെ ആകർഷിച്ച് ഒമാന്റെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്താനാണ് ഈ പരിഷ്കാരങ്ങളിലൂടെ ഒമാൻ ലക്ഷ്യമിടുന്നത്.

Content Highlights: Oman has issued new executive regulations for special economic and free zones, simplifying licensing and investor services while providing a clearer framework for incentives, exemptions and strategic projects. The rules also cover foreign ownership of qualifying properties and residency provisions for non-Omani investors.

To advertise here,contact us