തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ഒമാൻ; രാജ്യത്തുടനീളമുള്ള സ്ഥാപനങ്ങളിൽ പരിശോധനയുമായി അധികൃതർ

പരിശോധനകൾക്കിടെ സുരക്ഷാ വീഴ്ചകളുമായി ബന്ധപ്പെട്ട് 66 ഔദ്യോഗിക റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും അധികൃതർ വെളിപ്പെടുത്തി

രാജ്യത്തെ തൊഴിലിടങ്ങളിൽ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വിപുലമായ പരിശോധനകളുമായി ഒമാൻ തൊഴിൽ മന്ത്രാലയം. സുരക്ഷിതവും സുസ്ഥിരവുമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി മന്ത്രാലയം നടപ്പിലാക്കുന്ന സമഗ്ര പദ്ധതിയുടെ ഭാഗമായി രാജ്യത്തുടനീളമുള്ള 2,915 സ്ഥാപനങ്ങളിലാണ് അധികൃതർ പരിശോധന നടത്തിയത്.

വിവിധ ഗവർണറേറ്റുകളിലായി നടന്ന ഈ പരിശോധനാ പ്രചാരണങ്ങളിലൂടെ പതിനായിരത്തിലധികം (10,873) തൊഴിലാളികൾക്ക് മെച്ചപ്പെട്ട സുരക്ഷാ പരിരക്ഷ ഉറപ്പാക്കാൻ സാധിച്ചതായി മന്ത്രാലയം വ്യക്തമാക്കി. സുരക്ഷാ മാനദണ്ഡങ്ങൾ നിരീക്ഷിക്കുന്നതിനൊപ്പം തൊഴിലുടമകൾക്കും തൊഴിലാളികൾക്കും അവബോധം നൽകുന്നതിനായി 1,739 പ്രത്യേക ബോധവത്ക്കരണ സന്ദർശനങ്ങളും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ സംഘടിപ്പിച്ചു.

പരിശോധനകൾക്കിടെ സുരക്ഷാ വീഴ്ചകളുമായി ബന്ധപ്പെട്ട് 66 ഔദ്യോഗിക റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും അധികൃതർ വെളിപ്പെടുത്തി. വിദേശികളടക്കമുള്ള തൊഴിലാളികളുടെ സുരക്ഷയ്ക്ക് പരമ പ്രാധാന്യമാണ് നൽകുന്നതെന്നും, കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു. വരും ദിവസങ്ങളിലും കൂടുതൽ ഗവർണറേറ്റുകളിലേക്ക് പരിശോധനകൾ ശക്തമായി തുടരാനാണ് തൊഴിൽ മന്ത്രാലയത്തിന്റെ തീരുമാനം.

Content Highlights: Authorities in Oman are carrying out inspections of establishments to ensure compliance with labour regulations and worker safety standards. The Ministry of Labour has inspection teams responsible for checking workplaces and handling violations under the Labour Law.

To advertise here,contact us