ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളാ വിംഗ് ഓണാഘോഷവും ഓണസദ്യയും സംഘടിപ്പിച്ചു

കേരളാ വിംഗ് കൺവീനർ അജയൻ പൊയ്യാറ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോ-കൺവീനർ ജഗദീഷ് കീരി സ്വാഗതം ആശംസിച്ചു

ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളാ വിംഗിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷവും ഓണസദ്യയും വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികളോടെ പ്രൗഢമായി ആഘോഷിച്ചു. കേരളത്തിന്റെ തനത് സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമായ ഓണത്തിന്റെ സന്ദേശം പ്രവാസി സമൂഹത്തിൽ പങ്കുവെക്കുന്നതിനൊപ്പം ഒമാനിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരിക കൂട്ടായ്മയ്ക്ക് കൂടുതൽ ഊർജ്ജം പകരുന്ന വേദിയായി ഈ ആഘോഷം മാറി.

കേരളാ വിംഗ് കൺവീനർ അജയൻ പൊയ്യാറ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോ-കൺവീനർ ജഗദീഷ് കീരി സ്വാഗതം ആശംസിച്ചു. ഇന്ത്യൻ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ തവ്ഷി ബെഹൽ പാണ്ഡേ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. പ്രവാസി മലയാളി സമൂഹവും പ്രത്യേകിച്ച് കേരളാ വിംഗും ഒമാനിലെ പൊതുസമൂഹത്തിനായി നൽകുന്ന മികച്ച സേവനങ്ങളെ പ്രകീർത്തിച്ച ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ, ഏവർക്കും ഓണാശംസകൾ നേർന്നു. ചടങ്ങിൽ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന് കേരളാ വിംഗിന്റെ സ്നേഹാദരം കൺവീനർ അജയൻ പൊയ്യാറ കൈമാറി.

ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ചെയർമാൻ സുഹൈൽ ഖാൻ, ജനറൽ സെക്രട്ടറി ഷക്കിൽ കെ. എം., കമ്മ്യൂണിറ്റി വെൽഫെയർ സെക്രട്ടറി സന്തോഷ് കുമാർ, ലോക കേരളസഭാംഗം വിൽസൺ ജോർജ്, മലയാളം മിഷൻ ഒമാൻ ചാപ്റ്റർ പ്രസിഡന്റ് സുനിൽ കുമാർ, സെക്രട്ടറി അനുചന്ദ്രൻ, എംബസി പാനൽ അഡ്വക്കേറ്റ് ഗിരീഷ് കുമാർ എന്നിവർ വിശിഷ്ടാതിഥികളായി ചടങ്ങിൽ സംബന്ധിച്ചു. കേരളാ വിംഗ് ട്രഷറർ സുനിത്ത് ടി. കെ. നന്ദി രേഖപ്പെടുത്തി.

നാട്ടിൽ നിന്നുമെത്തിയ ദേവൻ നമ്പൂതിരി ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യയിൽ പങ്കെടുക്കാൻ ഇന്ത്യൻ എംബസി പ്രതിനിധികളും ഒമാനിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ഉൾപ്പെടെ രണ്ടായിരത്തിഎണ്ണൂറിലധികം ആളുകളാണ് എത്തിയത്. തുടർന്ന് കേരളാ വിംഗിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച മനോഹരമായ നൃത്ത-സംഗീത പരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.

Content Highlights: The Kerala Wing of Indian Social Club Oman organised a colourful Onam celebration featuring cultural programmes and a traditional Onasadya. More than 2,800 people, including Indian Embassy representatives and community members, participated in the feast and festivities.

To advertise here,contact us