സമൂഹമാധ്യമങ്ങളിലൂടെയും ഇന്റർനെറ്റിലൂടെയുമുള്ള ഭീഷണികൾക്ക് യാതൊരു കാരണവശാലും വഴങ്ങരുതെന്ന് ഒമാനിലെ പൗരന്മാർക്കും പ്രവാസികൾക്കും റോയൽ ഒമാൻ പൊലീസിന്റെ കർശന മുന്നറിയിപ്പ്. തട്ടിപ്പുകാർക്ക് ഇരയാകുന്നവർ ഭയപ്പെട്ട് തെളിവുകൾ നശിപ്പിക്കുകയോ പണമോ ചിത്രങ്ങളോ കൈമാറുകയോ ചെയ്യരുത്. ഒരിക്കൽ ആവശ്യങ്ങൾക്ക് വഴങ്ങുന്നത് കൂടുതൽ ഭീഷണികൾക്ക് വഴിവെക്കുമെന്നും സംഭവം ശ്രദ്ധയിൽപ്പെട്ടാലുടൻ അധികൃതരെ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.
വ്യാജ പ്രൊഫൈലുകളിലൂടെയുള്ള സൗഹൃദങ്ങൾ, ലിങ്കുകൾ വഴിയുള്ള ഫോൺ ഹാക്കിങ് എന്നിവയിലൂടെ വ്യക്തിഗത വിവരങ്ങളും സ്വകാര്യ ചിത്രങ്ങളും കൈക്കലാക്കിയാണ് തട്ടിപ്പുകാർ ആളുകളെ വലയിലാക്കുന്നത്. ഇത്തരം ഭീഷണികൾ നേരിടുമ്പോൾ ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ, ഭീഷണി സന്ദേശങ്ങൾ, ശബ്ദരേഖകൾ എന്നിവ തെളിവായി സൂക്ഷിക്കേണ്ടതുണ്ട്. പൊലീസിന്റെ അന്വേഷണത്തിനും കുറ്റവാളികളെ വേഗത്തിൽ പിടികൂടുന്നതിനും ഈ തെളിവുകൾ ഏറെ നിർണായകമാണ്.
കുടുംബാംഗങ്ങളിൽ ആരെങ്കിലും ഇത്തരം കെണിയിൽ വീണിട്ടുണ്ടോയെന്ന് തിരിച്ചറിയാനുള്ള ലക്ഷണങ്ങളും പൊലീസ് പങ്കുവെച്ചു. അകാരണമായ ഭയം, പെട്ടെന്നുള്ള ഉൾവലിയൽ, ഉറക്കക്കുറവ്, വിഷാദം, നിരന്തരം പണം ആവശ്യപ്പെടുക എന്നിവ ഇതിന്റെ സൂചനകളാകാം. കുട്ടികളിലോ മുതിർന്നവരിലോ ഇത്തരം മാറ്റങ്ങൾ കണ്ടാൽ കുടുംബാംഗങ്ങൾ ജാഗ്രത പുലർത്തണം. ഇരയാകുന്നവർക്ക് പൂർണ്ണമായ നിയമപരമായ സുരക്ഷയും രഹസ്യസ്വഭാവവും ഉറപ്പുനൽകുമെന്നും ആർഒപി അറിയിച്ചു.
Content Highlights: Oman Police has issued a warning to people who fall victim to cyber fraud, advising them not to panic and to preserve relevant evidence. The guidance emphasizes keeping records related to the incident to support reporting and potential investigation.