ഹോർമുസ് കടലിടുക്കിൽ ഒമാന്റെ മധ്യസ്ഥശ്രമങ്ങൾ ശക്തം; സുരക്ഷ ഉറപ്പാക്കാൻ യുഎസ്-ഒമാൻ ഏകോപനം

ഗൾഫ് മേഖലയിൽ സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും നയതന്ത്ര ചർച്ചകൾക്ക് അനുകൂലമായ അന്തരീക്ഷമൊരുക്കുന്നതിനും യുഎസും ഒമാനും തമ്മിലുള്ള ഏകോപനം ശക്തമാക്കാനാണ് തീരുമാനം

തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ സംഘർഷം കുറയ്ക്കാൻ ഒമാൻ-യുഎസ് നയതന്ത്ര നീക്കം. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബൂസൈദിയും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ഫോണിൽ ചർച്ച നടത്തി. അതേസമയം ഹോർമുസിൽ ആക്രമണത്തിനിരയായ 'എൽഗയ' എന്ന എണ്ണക്കപ്പലിലെ ജീവനക്കാരായ രണ്ടുപേർക്കായി ഒമാൻ നാവികസേന തിരച്ചിൽ തുടരുകയാണ്.

ഗൾഫ് മേഖലയിൽ സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും നയതന്ത്ര ചർച്ചകൾക്ക് അനുകൂലമായ അന്തരീക്ഷമൊരുക്കുന്നതിനും യുഎസും ഒമാനും തമ്മിലുള്ള ഏകോപനം ശക്തമാക്കാനാണ് തീരുമാനം. വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ആഗോള ഊർജ്ജ വിപണിയെ ബാധിച്ച സാഹചര്യത്തിലാണ് ഹോർമുസ് കടലിടുക്കിൽ മധ്യസ്ഥശ്രമങ്ങൾക്ക് ഒമാൻ മുൻകൈ എടുക്കുന്നത്. സലാലയിൽ നടത്താനിരുന്ന ജിസിസി-ഇറാൻ യോഗം മേഖലയിലെ ക്രിയാത്മക നിർദ്ദേശങ്ങൾ ഉറപ്പാക്കുന്നതിനായി ഒമാൻ മാറ്റിവെച്ചിരുന്നു.

അതിനിടെ, മുസന്ദമിന് വടക്കുകിഴക്കായി ആക്രമണത്തിന് ഇരയായ 'എൽഗയ' എന്ന എണ്ണക്കപ്പലിന്റെ എഞ്ചിൻ റൂമിലെ തീ അണച്ചതായി ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ അറിയിച്ചു. കപ്പലിൽ ഉണ്ടായിരുന്ന 23 ജീവനക്കാരെ ഒമാൻ റോയൽ നാവികസേന സുരക്ഷിതമായി ഒഴിപ്പിച്ചു. എന്നാൽ കപ്പലിലുണ്ടായിരുന്ന രണ്ട് ജീവനക്കാരെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തിരച്ചിൽ ഒമാൻ സേന ഊർജ്ജിതമാക്കി.

പ്രൊജക്ടൈൽ പതിച്ചതിനെ തുടർന്ന് ശനിയാഴ്ചയാണ് കപ്പലിന് തീപിടിച്ചതെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് വ്യക്തമാക്കി. നിലവിൽ എണ്ണക്കപ്പൽ ഒമാനിലെ തുറമുഖത്തേക്ക് വലിച്ച് കൊണ്ടുപോകുകയാണ്. വാണിജ്യ പാതകളിലെ സംഘർഷം ഒഴിവാക്കാൻ അന്താരാഷ്ട്ര തലത്തിൽ നയതന്ത്ര ഇടപെടലുകൾ തുടരുകയാണ്.

Content Highlights:

To advertise here,contact us