ഖരീഫ് ആഘോഷിക്കാൻ ഒമാനിലെ സലാലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി നഗര ഭംഗിയും അറബിക്കടലിന്റെ ആകാശക്കാഴ്ചയും ആസ്വദിക്കാൻ പുതിയ വിസ്മയമൊരുങ്ങി. ദുബായിലെയും ലണ്ടനിലെയും ഭീമൻ ചക്രങ്ങൾക്ക് സമാനമായി നിർമ്മിച്ച 'സലാല ഐ' പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. സലാല നഗരത്തിന്റെയും കടൽത്തീരത്തിന്റെയും മനോഹരമായ 360 ഡിഗ്രി ആകാശ ദൃശ്യമാണ് ഈ പുതിയ ആകർഷണം സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്.
സലാലയിലെ പ്രശസ്തമായ അൽ ഹാഫ ബീച്ചിലാണ് 55 മീറ്റർ ഉയരത്തിൽ അൽ സൂറൂഹ് ഗ്രൂപ്പ് ഈ ഭീമൻ ചക്രം രൂപകൽപ്പന ചെയ്ത് നിർമ്മിച്ചിരിക്കുന്നത്. പ്രകൃതിഭംഗിയാൽ സമൃദ്ധമായ സലാല നഗരത്തിന്റെയും അറബിക്കടലിന്റെയും 360 ഡിഗ്രി ദൃശ്യം നൽകുന്ന രീതിയിലാണ് ഇതിന്റെ രൂപകൽപ്പന. സലാല സിറ്റി സെന്ററിൽ നിന്ന് കാർ മാർഗ്ഗം എട്ട് മിനിറ്റും, സലാല ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് 12 കിലോമീറ്ററും മാത്രമാണ് അൽ ഹാഫ ബീച്ചിലേക്കുള്ള ദൂരം. ഖരീഫ് സീസൺ അവസാനിക്കുന്ന സെപ്റ്റംബർ 21 വരെ ദിവസവും രാവിലെ 10 മണി മുതൽ രാത്രി 11 മണി വരെ സലാല ഐ പ്രവർത്തിക്കും.
തണുത്ത കാറ്റും പ്രകൃതിദത്തമായ കുന്തിരിക്കത്തിന്റെ സുഗന്ധവും നിറഞ്ഞ 30 ക്ലൈമറ്റ്-കൺട്രോൾഡ് കാബിനുകളാണ് ഇതിലുള്ളത്. മഴയിലും സുരക്ഷിതമായി പ്രവർത്തിക്കാൻ തക്കവണ്ണമാണ് ഇതിന്റെ നിർമ്മാണം. ഒരേസമയം 180 പേർക്ക് കയറാവുന്ന സലാല ഐയിൽ ഓരോ റൊട്ടേഷനും 8 മുതൽ 12 മിനിറ്റ് വരെ സമയമെടുക്കും. ഒരു കാബിനിൽ ആറ് പേർക്ക് വരെ യാത്ര ചെയ്യാം. ഭിന്നശേഷിക്കാർക്കും കാബിനിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാനും സംവിധാനവുമുണ്ട്.
ഒരാൾക്ക് ഏഴ് ഒമാനി റിയാലും ആറ് പേർ അടങ്ങുന്ന ഒരു ഫാമിലി കാബിന് 28 ഒമാനി റിയാലുമാണ് ടിക്കറ്റ് നിരക്ക്. ഓൺലൈൻ വഴി നേരത്തെ ബുക്ക് ചെയ്യുന്നവർക്ക് 15 ശതമാനം ഇളവോടെ 6 ഒമാനി റിയാലിന് ടിക്കറ്റ് ലഭ്യമാകും. വീൽചെയർ സൗകര്യമുള്ള ഈ കാബിനുകൾ ജന്മദിന ആഘോഷങ്ങൾ, പ്രൊപ്പോസലുകൾ തുടങ്ങിയ പ്രത്യേക നിമിഷങ്ങൾക്കായി പൂർണ്ണമായും മുൻകൂട്ടി റിസർവ് ചെയ്യാനും salalaheye.om (സലാലഐ ഡോട്ട് ഒഎം) എന്ന വെബ്സൈറ്റിലൂടെയോ നേരിട്ടോ ടിക്കറ്റുകൾ വാങ്ങാനും സൗകര്യമുണ്ട്.
Content Highlights: A new attraction called ‘Salalah Eye’ has opened in Oman for Khareef visitors, offering panoramic views and a unique way to experience the beauty of the Arabian Sea.