ഒമാനിലെ ദോഫാറിൽ എണ്ണക്കപ്പൽ തകർന്നു; വലിയ എണ്ണച്ചോർച്ച, ദുരന്തം നേരിടാൻ ഒമാൻ സർക്കാർ

കടലിൽ പടരുന്ന എണ്ണ തടയാൻ അതിനൂതന സാങ്കേതിക വിദ്യകളാണ് ഒമാൻ ഉപയോഗിക്കുന്നത്

ഒമാൻ തീരങ്ങളിൽ വൻ പരിസ്ഥിതി നാശം വിതച്ച് എണ്ണ ചോർച്ച. ദോഫാറിലെ അൽ ഹല്ലാനിയാത്ത് ദ്വീപിന് സമീപം 'കരോലിൻ ബെസെംഗി' എന്ന എണ്ണക്കപ്പൽ തകർന്നതിനെ തുടർന്നാണ് ദ്രാവക പെട്രോളിയം സമുദ്രത്തിലേക്ക് പടർന്നത്. നിലവിൽ സലാലയിലെ റാസ് മദ്റക തീരങ്ങളിലേക്ക് എണ്ണപ്പടലം വ്യാപിച്ചിട്ടുണ്ട്. കടൽജീവികൾക്കും സമുദ്ര പരിസ്ഥിതിക്കും കടുത്ത ഭീഷണിയുയർത്തുന്ന ഈ ദുരന്തം തടയാൻ ഒമാൻ സർക്കാർ ഊർജ്ജിത നടപടികൾ ആരംഭിച്ചു.

ഓഗസ്റ്റ് ആറിനാണ് ഒമാനിലെ അൽ-ഖിബ്ലിയ ദ്വീപിന് സമീപം 'കരോലിൻ ബെസെംഗി' എന്ന ഓയിൽ ടാങ്കർ അപകടത്തിൽപെട്ട് മുങ്ങിയത്. കപ്പലിൽ നിന്നുള്ള എണ്ണ ചോർച്ച സമുദ്രോപരിതലത്തിൽ പടർന്ന് റാസ് മദ്റക ബീച്ചുകളിലേക്ക് എത്തിയതോടെ പ്രതിസന്ധി രൂക്ഷമായി. മേഖലയിലെ മത്സ്യബന്ധനത്തിനും ജനങ്ങൾ കടലിലിറങ്ങുന്നതിനും വിലക്കേർപ്പെടുത്തിയ ഒമാൻ അധികൃതർ, വിപണിയിലെത്തുന്ന മത്സ്യങ്ങളിൽ കടുത്ത പരിശോധനയും ഉറപ്പുവരുത്തുന്നുണ്ട്.

കടലിൽ പടരുന്ന എണ്ണ തടയാൻ അതിനൂതന സാങ്കേതിക വിദ്യകളാണ് ഒമാൻ ഉപയോഗിക്കുന്നത്. എണ്ണയുടെ വ്യാപനം തടയുന്ന താൽക്കാലിക തടസ്സങ്ങളായ 'ബൂമുകൾ', ജലോപരിതലത്തിലെ എണ്ണ വേർതിരിച്ചെടുക്കുന്ന 'സ്കിമ്മറുകൾ', എണ്ണയെ ചെറു തുള്ളികളാക്കി മാറ്റുന്ന രാസ ലായനികളായ 'ഡിസ്‌പേഴ്‌സന്റുകൾ' എന്നിവ ഉപയോഗിച്ചാണ് ശുചീകരണം പുരോഗമിക്കുന്നത്.

ഗൾഫ് മേഖലയിൽ എണ്ണച്ചോർച്ചകൾ വലിയ ആശങ്കയ്ക്കാണ് വഴിവെക്കുന്നത്. ഹോർമുസ് കടലിടുക്കിന്റെ പ്രത്യേക ഭൂപ്രകൃതി കാരണം മലിനജലം കടലിൽ തന്നെ തങ്ങിനിൽക്കാൻ സാധ്യത കൂടുതലാണ്. കൂടാതെ, കുടിവെള്ളത്തിനായി ഗൾഫ് രാജ്യങ്ങൾ പ്രധാനമായും ആശ്രയിക്കുന്ന സമുദ്രജല ശുദ്ധീകരണ പ്ലാന്റുകളുടെ പ്രവർത്തനത്തെ ഇത്തരം എണ്ണപ്പടലങ്ങൾ ബാധിക്കുമെന്നതും ഭീഷണി ഇരട്ടിയാക്കുന്നു.

Content Highlights: An oil tanker was damaged in Oman's Dhofar region, causing a major oil spill as authorities take measures to manage the situation.

To advertise here,contact us