മഞ്ഞുമൂടിയ സ്വീഡനിൽ നിന്ന് സലാലയുടെ വർണ്ണങ്ങളിലേക്ക്; ഒമാന്റെ ഭംഗി ക്യാൻവാസിലാക്കി സ്വീഡിഷ് ചിത്രകാരി

ഇരുപത് വർഷങ്ങൾക്കു മുമ്പ് ഭർത്താവ് അന്താലിനൊപ്പം യാദൃശ്ചികമായി നടത്തിയ ഒരു ശൈത്യകാല യാത്രയാണ് ലൂബിക്കയെ ഒമാന്റെ ആരാധകയാക്കിയത്

തീവ്രമായ തണുപ്പിൽ നിന്ന് വെളിച്ചത്തിന്റെയും നിറങ്ങളുടെയും ലോകത്തേക്ക് ചിറകടിച്ചുയരുന്ന ഒരു യാത്രികയുടെ അനുഭവമാണ് ലൂബിക്ക റിറ്റ്സലിന്റേത്. സ്വീഡനിൽ സൂര്യൻ നേരത്തെ മടങ്ങുമ്പോൾ, പ്രകൃതി ഒരുക്കുന്ന വിസ്മയങ്ങൾ തേടി അവർ പറക്കും. തനിക്ക് ഏറെ പ്രിയപ്പെട്ട ഒമാന്റെ ഹൃദയഭൂമിയായ സലാല ന​ഗരത്തിലേക്ക്. പ്രകൃതിയെ സ്നേഹിക്കുന്ന ഒരു ചിത്രകാരിക്ക് ഇതിലും മനോഹരമായ ഒരു കാൻവാസ് വേറെവിടെ ലഭിക്കാനാണ്?

ഇരുപത് വർഷങ്ങൾക്കു മുമ്പ് ഭർത്താവ് അന്താലിനൊപ്പം യാദൃശ്ചികമായി നടത്തിയ ഒരു ശൈത്യകാല യാത്രയാണ് ലൂബിക്കയെ ഒമാന്റെ ആരാധകയാക്കിയത്. സൗദി അറേബ്യയിലെ റിയാദിൽ ജോലി ചെയ്തിരുന്ന ഇവർക്ക് ഒമാന്റെ തണുപ്പുള്ള ശൈത്യകാല യാത്രകളെക്കുറിച്ച് അറിയാൻ കഴിഞ്ഞു. "അവിടേയ്ക്ക് പോകാൻ ആ​ഗ്രഹം തോന്നി. പിന്നാലെ അവിടെ എത്തിയപ്പോൾ അത്ഭുതപ്പെട്ടുപോയി. സലാല ഒരു പറുദീസയാണ്!", ലൂബിക്ക ഓർക്കുന്നു. അന്ന് കണ്ട വാഴത്തോപ്പുകളും ഈന്തപ്പനകളും ടർക്കോയ്സ് കടലും അവരുടെ മനസ്സ് കീഴടക്കി. ആ മനോഹര നഗരത്തിലേക്കുള്ള ലൂബിയുടെ ആ യാത്ര, പിന്നീട് വർഷം തോറുമുള്ള ഒരു പതിവായി മാറി. വെറും മാനസിക ഉല്ലാസത്തിനും അപ്പുറം ഒരു കലാകാരി തന്റെ പ്രിയപ്പെട്ട പ്രകൃതിയോടും ഓർമ്മകളോടും നടത്തുന്ന മനോഹരമായ സംവാദം കൂടിയായിരുന്നു ലൂബിക്കയ്ക്ക് സലാല യാത്രകൾ.

സലാലയെക്കുറിച്ച് ചോദിച്ചാൽ നിറങ്ങളുടെ ഭാഷയിലാണ് ലൂബിക്ക മറുപടി നൽകുക. നീലയും പച്ചയും കലർന്ന കടൽ, മണൽത്തരികൾ, സലാലയുടെ സ്വന്തം പച്ചപ്പ്, പൂക്കളുടെ ചുമപ്പും പിങ്കും നിറങ്ങൾ. ഇവയെല്ലാം ലൂബിയുടെ ചിത്രങ്ങളിലൂടെ പുറത്തുവരും.

സൗദി അറേബ്യയിൽ കഴിയുന്ന കാലത്താണ് ലൂബിക്ക ചിത്രരചന ആരംഭിക്കുന്നത്. പിന്നീട് സ്വീഡനിൽ തിരിച്ചെത്തി ഓയിൽ, അക്രിലിക്, വാട്ടർ കളർ എന്നിവ ഉപയോ​ഗിച്ച് കൂടുതൽ പരീക്ഷണങ്ങൾ നടത്തി. നിലവിൽ അവിടെ ചിത്രകല പഠിപ്പിക്കുകയും പ്രദർശനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്.

സ്വീഡനിലെ അതിശൈത്യവും സലാലയുടെ മനോഹരമായ ഖരീഫ് പച്ചപ്പും തമ്മിൽ കൂട്ടിയിണക്കുന്ന ചിത്രങ്ങൾ. അതിനുശേഷം ആ ചിത്രങ്ങൾ തനിക്കവിടെ ലഭിച്ച നല്ല സുഹൃത്തുക്കൾക്ക് സമ്മാനമായി നൽകുകയും ചെയ്യും.

പതിമൂന്ന് വർഷങ്ങൾക്ക് മുമ്പ് തന്റെ ഭർത്താവ് ലൂബിയെ വിട്ടുപോയി. ആ വേർപാടിനു ശേഷവും സലാല ലൂബിക്കയ്ക്ക് ആശ്വാസത്തിന്റെ കേന്ദ്രമായിരുന്നു സലാല. തന്റെ ഭർത്താവിനും കുടുംബത്തോടൊപ്പമുള്ള അവസാന യാത്രയുടെ ഓർമ്മകൾ നിലനിൽക്കുന്ന സ്ഥലമായി സലാല ലൂബിക്കയ്ക്ക്. ഓരോ തവണ സലാലയിലേക്ക് എത്തുമ്പോഴും ഭർത്താവ് കടൽത്തീരത്തു നിന്ന് കൊണ്ടുവന്നു നൽകിയിരുന്ന പൂക്കളുടെ ഓർമ്മ പുതുക്കാൻ ലൂബിക്ക മറക്കാറില്ല. ആ ഓർമ്മയ്ക്കായി ഒരു സിൽക്ക് പൂവ് ധരിച്ചാണ് അവർ ദിവസവും കടൽത്തീരത്തൂടെ നടക്കുന്നത്.

തന്റെ മക്കളായ ക്രിസ്റ്റീന, ആന്നിക എന്നിവരെയും കൊച്ചുമക്കളെയും സലാലയുടെ ഭംഗി ലൂബിക്ക കാട്ടിക്കൊടുത്തു. "പ്രകൃതിയെല്ലാം ഒരുക്കി വെച്ചിട്ടുണ്ട്, ഞാൻ അത് ചിത്രീകരിക്കുക മാത്രമേ ചെയ്യുന്നുള്ളൂ", ലൂബിക്ക പുഞ്ചിരിയോടെ പറയുന്നു. ഒരോ ശൈത്യകാല യാത്രകളിലൂടെയും സൗന്ദര്യം കാണുന്നവന്റെ കണ്ണുകളിലാണെന്ന് ലൂബിക്ക തെളിയിക്കുകയാണ്.

Content Highlights: A Swedish artist has brought the vibrant colours and scenic beauty of Salalah and Oman to canvas. Inspired by the region's distinctive landscapes, her artwork reflects a creative connection between Sweden and Oman.

To advertise here,contact us